Thursday 14 February 2019

ഭയം ഒഴിഞ്ഞു മാറുന്ന ഇടങ്ങളുണ്ട് ,
വെറുപ്പിന്റെ ചഷകങ്ങ -
ളൊഴിഞ്ഞു കിടക്കുന്നിടം,
മൗനം ഭാഷയാവുന്നിടം,
പരിധികൾ കടപുഴകിയെറിയുന്നിടം.

അവിടെ കാൽപാടുകൾ ,
മുന്നിലും പിന്നിലുമല്ല ,
അവ ചേർന്നങ്ങനെ -
തിര നനച്ചമണ്ണിൽ ചിത്രമെഴുതും.

ലോകം ,അവരുടെ ഹൃദയത്തിനുള്ളിൽ ചേക്കേറും -
മനുഷ്യർ മാത്രമുള്ള വിശാലതയായ്.
പ്രകൃതിയവർക്ക് കവിതയാവും.

ഡാർവിനുമോഷോയ്ക്കും ,
മാക്സിനും,
വയലാറിനും ,ബഷീറിനു മയ്യപ്പനുമൊപ്പം -
അവർ മുന്നോട്ടു നടക്കും.

അക്ഷരങ്ങവരെ സ്വതന്ത്രമാക്കും,
വിലക്കുകളവർക്ക് കരുത്ത് നൽകും,
പരിധികളവരുടെ അതിര് തകർക്കും,
വീണിടങ്ങളിലവർ ,പുതിയ ഗാഥകളാവും.

അതുകൊണ്ടാണ്,
പ്രണയം വിപ്ലവത്തോട് പറഞ്ഞത്
അത്രമേൽ ഇഴചേർന്നവരാണ് നമ്മളെന്ന് .......

No comments:

Post a Comment