Sunday 24 February 2019

ഒരു ജെസിബിയുടെ
യന്ത്രക്കൈകൾ
മൃതപ്രായമായ ഒരു
 ചാക്കാലപ്പറമ്പിലൂടെ

ദുർഗന്ധം കുമിഞ്ഞ
 ചേരിപ്പറമ്പിന്റെ
ചങ്കുഴുത് വിലയിട്ട്
സിമന്റ് കാടുകൾ
 കാത്തിരിക്കുന്നു

തൊലിക്കറുപ്പിന്റെ
മൃതജൈവ കോശങ്ങളിൽ
ഹൃദയമിപ്പോഴും
നിലവിളിക്കുന്നു

അപ്പന്റെ പേരു ചികയാൻ
ജീനുകളെ പഴിപറഞ്ഞ
ജാതി വെറിയുടെ
കോയ്മകളോട്

ചെറ്റയും പുലയാട്ടും
 പുലഭ്യമാവുമ്പോൾ
അതിൽ ഞങ്ങൾ
ഞങ്ങളെ തിരയുന്നു

സംസ്കാരത്തിന്റെ
നാണയക്കനങ്ങളിൽ
മാലിന്യങ്ങളെറിഞ്ഞു
തള്ളുന്ന നടുമുറ്റങ്ങൾ

അവ കണ്ടും ശ്വസിച്ചും
വളരുന്നവന്റെ
സാമൂഹിക ജനിതകത്തെപ്പറ്റി
വാചാലരാവുന്നവരോടും
ഞങ്ങളന്നും കയർത്തിട്ടുണ്ട്

ഞങ്ങൾ പോലും
 തെറിവാക്കാവുമ്പോൾ
ഞങ്ങളുടെ ശബ്ദം
അവർക്കെന്തായിരിക്കും?????

Thursday 14 February 2019

ആഴത്തിൽ ഖനനം ചെയ്ത
 പെണ്ണിടങ്ങളിൽ , നഷ്ടസ്വപ്നങ്ങളുടെ ഖനികൾ കാണുമ്പോൾ
 ഇനിയും നിങ്ങളതിനെ
സഹനമെന്ന് വിളിക്കരുത്.
കടുത്ത വിശ്വാസി ആയ ഒരാളോട് നമ്മൾ നിരീശ്വരവാദത്തെപ്പറ്റിയോ , കടുത്ത മെയിൽ ഷോവനിസ്റ്റിനോട് ഫെമിനിസത്തെ പറ്റിയോ സംസാരിക്കുന്നു എന്ന് കരുതുക , മറ്റേയാൾ പറയുന്നത് കേൾക്കുന്നുണ്ട് എന്ന് ഭാവിക്കുകയും അതിനെ ഖണ്ഡിക്കുവാൻ ഉള്ളിൽ എതിർ വാദങ്ങൾ പരതുകയും ആയിരിക്കും ഒരാൾ ചെയ്യുക , ആർക്കാണോ  വാദിക്കുവാൻ വൈദഗ്ദ്ധ്യം കൂടുതൽ അയാൾ ജയിക്കും , ഇനി പറഞ്ഞു ഭലിപ്പിക്കാൻ കഴിയാതെ പോയവൻ ഒരു വൈരാഗ്യ മനോഭാവത്തിൽ എത്തുകയും ഇനിയൊരവസരത്തിനോ , മറ്റേയാളുടെ ഒരു പിഴവിനോ കാത്തിരിക്കും .കാരണം സംവദിക്കുവാൻ ഇതിനിടയിലുള്ള ഒരു സ്പേസ് ഉണ്ടാവണം....

ചുരുക്കത്തിൽ എത്ര വലിയ ആശയമായാലും സംവദിക്കപ്പെടുന്നില്ല , തർക്കങ്ങളുടെ  ശബ്ദകോലാഹലങ്ങൾ മാത്രമേ നടക്കുന്നുള്ളു , സംവാദത്തിന്റെ സൗഹൃദാന്തരീക്ഷങ്ങൾ ഉണ്ടാക്കുന്ന സഹവ്യക്തിത്വത്തെ കേൾക്കാനും അറിയാനുമുള്ള വിവേകം നമുക്കില്ല ...... Be a good listener ....... അവനവന്റെ ശരികളിൽ മാത്രം കടിച്ചുതൂങ്ങുന്നവനാണ് ഏറ്റവും വലിയ അസഹിഷ്ണുത ഉണ്ടാവുക ....
പൗരോഹിത്യങ്ങളുടെ നാൾ വഴികളിലൊന്നും അവനും അവളും തമ്മിലെ ദൂരമില്ലാതാവുന്നില്ല , ജനാധിപത്യത്തിന്റെ തുറന്ന സംവാദങ്ങളിലെങ്കിലും ലിംഗസമത്വത്തിലേക്കുള്ള ദൂരം കുറയട്ടെ ...

അസഹിഷ്ണുതയിലൂടെയല്ല  , പുരോഗമനപരമായ ആശയസംവാദനത്തിലൂടെയേ പരിവർത്തനം സാദ്ധ്യമാവൂ ........
വെളിച്ചമെത്താത്ത കോണുകൾ ,
നിങ്ങൾ പെണ്ണിനായി കരുതി വയ്ക്കരുത്.
അവളെ ചിതലെടുത്ത് പോവും .

മഴയും വെയിലുമേറ്റാലും,  പനിച്ചു പൊങ്ങാത്ത ബാല്യവും ,
ഭയത്തിന്റെ കണ്ണിൽ നോക്കിച്ചിരിക്കുവാ-
നൊരുനൂറ് നിറങ്ങളും നൽകുക.

മുട്ടക്കുള്ളിലാണ് ലോകമെന്നും,
വിലക്കുകൾ കരുതലാണെന്നും
പറയുന്ന കാലത്തോളം ,
ഉള്ളിലെ അഗ്നിയെ അവളെങ്ങനെ തിരിച്ചറിയും ?
സ്വത്വമപ്പോഴും ഇനിയും പിറക്കാത്ത നിഴലുകളായിരിക്കും.......
അവർ ഭയപ്പെടുത്തുകയാണ്.....
ശബ്ദിക്കുന്ന നാവുകളെ,
ചരിത്ര സത്യങ്ങളെ,
പേനത്തലപ്പുകളെ,
പുസ്തകത്താളുകളിലെ അക്ഷരങ്ങളെ,
ചോദ്യങ്ങളാവുന്ന യുവത്വത്തെ ,

മറക്കാതിരിക്കണം ,
സൂര്യനസ്തമിക്കാത്ത
 സാമ്രാജ്യത്തിന്റെ മുന്നിൽ
 തലകുനിക്കാത്ത,
 ഒരു ജനതയുടെ
ആത്മാഭിമാനവും , സ്വാതന്ത്ര്യദാഹവും
ഒരിക്കലറിഞ്ഞാൽ സ്വാതന്ത്ര്യത്തേക്കാൾ ഭ്രമിപ്പിക്കുന്ന മറ്റൊന്നില്ല ..........
8.....

അവനത് എട്ടായിരുന്നു ,
കിഴുക്കിന്റെ ചൂടറിഞ്ഞ,
കണക്കിലെ ഒരു ഭീകരൻ എട്ട്.

എനിക്കത് രണ്ടറ്റം കൂട്ടിക്കെട്ടിയ ബലൂണോ,
ചുരമിറങ്ങുമ്പോൾ ഓക്കാനം വരുന്ന
വളഞ്ഞുപുളഞ്ഞ വഴികളോ ആയിരുന്നു,

എട്ട് പിന്നെയും, അവന്
പുറത്തേക്ക് വഴിയില്ലാത്ത
 കുരുക്കുകളായി .......

ഞാനിപ്പോഴും എട്ട് വരച്ച് ,
എന്റെ കുഴിയാനയെ ,
പിൻനടത്തം പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു .......