Thursday 14 February 2019

മറന്നു തുടങ്ങി നമ്മൾ ,
മരം കൊണ്ട വെയിലാണ് -
നമ്മുടെ തണലെന്ന് ....

ചുട്ടുപൊള്ളിയത് ,വടവൃക്ഷങ്ങളായി -
ചരിത്രം കുറിച്ചിട്ട പൂർവികരെന്ന്.
വില്ലുവണ്ടിയോടിയ വഴികൾ ,
അക്ഷരങ്ങളിലേക്ക് അയ്യങ്കാളി -
പിടിച്ചു നടത്തിയ പഞ്ചമിയെ ....

അച്ചിപ്പുടവ ചുറ്റിയ മാറ്റത്തിന്നലയൊലികൾ ,
കല്ലുമാലയിട്ട പെണ്ണിന്റെ ശബ്ദം.
പന്തിഭോജനങ്ങളൂട്ടിയ ജാതിവെറിമറന്ന മനുഷ്യരെ ,
കുടിപ്പള്ളിക്കുടങ്ങളില്ലങ്കിൽ മുടിപ്പുല്ലു- കുരുക്കുമായിരുന്ന നാടിനെ .

മണ്ണിൽക്കുഴികുത്തി കഞ്ഞി കൊടുത്ത ജാതി വെറിയെ-
അടിയാളന്റെ തോലുപൊളിഞ്ഞ അടികളെ ,
മടകളിൽ കുഴിച്ചുമൂടിയ മനുഷ്യരെ .

അടിയാന്റെ വിയർപ്പു നിറച്ച ജന്മിയുടെ പത്തായങ്ങളെ ,
അടിയാത്തിപ്പെണ്ണിന്റെ മടിക്കുത്തുകളെ ,
നങ്ങേലിയുടെ മുറിച്ചിട്ട മുലകളെ ......

ചരിത്രം നമുക്ക് ,തണലിലിരുന്ന് കേട്ട കഥകൾ മാത്രമാണ്
ആ തണൽ മാത്രമാണ് നാമറിഞ്ഞത് .

ആ കഥകളിൽ ചോര ചീന്തിയ മനുഷ്യരൊക്കെയും ,
പുഴുക്കളായി നരകിച്ചവരെ മനുഷ്യനാക്കാൻ ,
ഉയിരുകൊടുത്തവർ.

ചവിട്ടി നിൽക്കുന്ന മണ്ണിന് , വെളിച്ചമേകാൻ
പ്രാണൻ വെടിഞ്ഞവരുടെ
പോരാട്ടത്തിന്റെ  ചരിത്രമുണ്ട് ,
അവിടെ നമ്മുടെ വേരുകളുണ്ട് ,
നമുക്ക് തണലേകാൻ വെയിൽ കൊണ്ടവർ ...............

No comments:

Post a Comment