Thursday 14 February 2019

പ്രണയത്തിന്റെ
 കൗതുകങ്ങളിലവൾ
കടലാഴങ്ങളെ
തോൽപിച്ചിട്ടുണ്ട്

അന്നവൾ
കാലടയാളങ്ങളെ
തിരകളാൽ കവർന്ന
ഉത്തരം കിട്ടാത്ത
 കടംകഥയായിരുന്നു

പിന്നെയവൾ
 എന്റെ ബാല്യത്തിന്
ഞാന്നു കിടക്കാൻ പോന്ന
ചില്ലകളുടെ പുളിയൻ മാവായി

എന്റെ യൗവ്വനം
കുടിച്ചു മതി തീരാത്ത
ഏറ്റവും പഴയ വീഞ്ഞായി

ആത്മസംഘർഷങ്ങളുടെ
പിടിവലികളിലവൾ
പുകഞ്ഞു തീർന്ന സിഗാറുകളായി

വിഷാദം പതഞ്ഞു പൊന്തുന്ന
ഏകാന്ത രാവുകളിൽ
നെരുദയുടെ കവിതയായി

കാലിടറി അവളിലേക്ക്
വീഴുമ്പോഴെല്ലാം
അമ്മയുടെ മാറിലെ
പാൽമണമായിരുന്നു അവൾക്ക്

ഇനിയും മറിച്ചു നോക്കാത്ത
അവളെന്ന പുസ്തകത്താളിൽ
എന്റെ ചോദ്യങ്ങളുടെ
ഉത്തരങ്ങളായിരുന്നു

പെണ്ണാഴങ്ങൾ അളക്കരുത്
ചില്ലു പാത്രത്തിൽ പകർന്ന
കടൽവെള്ളം പോലെ
അവൾ തിരകളെ
ഒളിപ്പിച്ചു കൊണ്ടേയിരിക്കും .........


No comments:

Post a Comment