Thursday 14 February 2019

പ്രസംഗ വേദികളിൽ പണ്ട് സ്ഥിരമായി കാച്ചുന്ന വാക്കുകളായിരുന്നു സംസ്കാരം ,പൈതൃകം എന്നൊക്കെ . സംസ്കാരം എന്ന വാക്കിന്റെ അർത്ഥമെന്തെന്ന് പിന്നെയും ഒരു പാട് കഴിഞ്ഞാണ് മനസ്സിലാക്കുന്നത് ,ചിന്തിച്ച് തുടങ്ങുന്നിടത്ത് . അലഞ്ഞു തിരിഞ്ഞു വേട്ടയാടി ജീവിച്ച മനുഷ്യൻ ഒന്നിച്ചൊരിടത്ത് താമസിക്കുവാൻ തുടങ്ങിയപ്പോൾ അവനിൽ വന്നു ചേർന്ന സാമൂഹിക പരമായ , പരസ്പര ബോദ്ധ്യങ്ങളിൽ നിന്നാണ് സംസ്കാരം ഉരുത്തിരിയുന്നു .പിന്നീടത് വളർന്നു വികസിക്കുന്നു , മറ്റു നാടുകളിൽ നിന്നും ഏറ്റുവാങ്ങിയതുമായി സമ്മിശ്രമാവുന്നു . പൗരോഹിത്യവും ജന്മിത്വവുമെല്ലാം പിടിമുറുക്കുന്നതോടെ സ്ത്രീകളും , ദളിതരും ,ആദിവാസികളുമെല്ലാം പാർശ്വവൽകരിക്കപ്പെട്ടും , ഏകപക്ഷീയമായ സാമൂഹിക പൊതുബോധങ്ങളിലും , അനാചാര അന്ധവിശ്വാസങ്ങളിൽ ഇരകളാക്കപ്പെടുകയും ചെയ്തു , വേദം കേട്ടാൽ ശൂദ്രന്റെ ചെവിയിൽ ഈയമൊഴിക്കുന്ന കാലമുണ്ടായിരുന്നു , മനുഷ്യർ തമ്മിൽ തീണ്ടാപ്പാട് അകലങ്ങൾ ഉണ്ടായിരുന്നു , വഴി നടക്കുവാനും ,വസ്ത്രം ധരിക്കുവാനും ,അഭരണമണിയുവാനും ,ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനും വിലക്കുണ്ടായിരുന്നു , ഉപ്പ് വാങ്ങാൻ പോയയാൾ ഉപ്പ് വേണം എന്നു പറഞ്ഞതിന് തല്ലിക്കൊന്നിട്ടുണ്ടത്രെ , ചങ്ങനാശ്ശേരിയിൽ അടിമച്ചന്ത ഉണ്ടായിരുന്നു , ഇത്രയേറെ ഇരുളടഞ്ഞ നമ്മുടെ പഴയ കാലത്തിൽ പുരോഗമന , വിപ്ലവ ,നവോത്ഥാന മൂല്യങ്ങളാണ് വെളിച്ചം കൊണ്ടുവരുന്നത് . അയ്യപ്പനും അയ്യങ്കാളിയും നാരായണനും നങ്ങേലിയും തുടങ്ങി ചരിത്രം കുറിച്ചിട്ടവർ നൽകിയ വെളിച്ചമാണ് നമ്മുടെ സംസ്കാരം . അത്മീയതക്കും പുരോഗമനാശയങ്ങൾക്കും ഒരേ പോലെ മാനവികതയിലൂന്നിയ സ്വത്വമായിരുന്നു , ബ്രിട്ടീഷുക്കാരും കൃസ്ത്യൻ മിഷനറി മാരും വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന ബൗദ്ധിക വിപ്ലവം നമ്മെ അന്ധവിശ്വാസങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ചു . പക്ഷേ ഇപ്പോഴും സംശയമാണ് സംസ്കാരം എന്ന വാക്ക് ഏതർത്ഥത്തിലാണ് നാം ഉൾക്കൊള്ളുന്നതെന്ന് . മാനവികതയിലൂന്നിയ പുരോഗമന ചിന്തകളിലാണോ ,പഴമയുടെ ഇരുണ്ട അന്ധത കളിലാണോ നാം സംസ്കാരത്തെ താരതമ്യപ്പെടുത്തുന്നത് . ലോകം വിരൽ തുമ്പിൽ നിൽക്കുന്ന നമുക്ക് ചവിട്ടി നിൽക്കുന്ന മണ്ണിന്റെ വേരുകളറിയില്ല ...

No comments:

Post a Comment