Sunday 24 February 2019

ഒരു ജെസിബിയുടെ
യന്ത്രക്കൈകൾ
മൃതപ്രായമായ ഒരു
 ചാക്കാലപ്പറമ്പിലൂടെ

ദുർഗന്ധം കുമിഞ്ഞ
 ചേരിപ്പറമ്പിന്റെ
ചങ്കുഴുത് വിലയിട്ട്
സിമന്റ് കാടുകൾ
 കാത്തിരിക്കുന്നു

തൊലിക്കറുപ്പിന്റെ
മൃതജൈവ കോശങ്ങളിൽ
ഹൃദയമിപ്പോഴും
നിലവിളിക്കുന്നു

അപ്പന്റെ പേരു ചികയാൻ
ജീനുകളെ പഴിപറഞ്ഞ
ജാതി വെറിയുടെ
കോയ്മകളോട്

ചെറ്റയും പുലയാട്ടും
 പുലഭ്യമാവുമ്പോൾ
അതിൽ ഞങ്ങൾ
ഞങ്ങളെ തിരയുന്നു

സംസ്കാരത്തിന്റെ
നാണയക്കനങ്ങളിൽ
മാലിന്യങ്ങളെറിഞ്ഞു
തള്ളുന്ന നടുമുറ്റങ്ങൾ

അവ കണ്ടും ശ്വസിച്ചും
വളരുന്നവന്റെ
സാമൂഹിക ജനിതകത്തെപ്പറ്റി
വാചാലരാവുന്നവരോടും
ഞങ്ങളന്നും കയർത്തിട്ടുണ്ട്

ഞങ്ങൾ പോലും
 തെറിവാക്കാവുമ്പോൾ
ഞങ്ങളുടെ ശബ്ദം
അവർക്കെന്തായിരിക്കും?????

Thursday 14 February 2019

ആഴത്തിൽ ഖനനം ചെയ്ത
 പെണ്ണിടങ്ങളിൽ , നഷ്ടസ്വപ്നങ്ങളുടെ ഖനികൾ കാണുമ്പോൾ
 ഇനിയും നിങ്ങളതിനെ
സഹനമെന്ന് വിളിക്കരുത്.
കടുത്ത വിശ്വാസി ആയ ഒരാളോട് നമ്മൾ നിരീശ്വരവാദത്തെപ്പറ്റിയോ , കടുത്ത മെയിൽ ഷോവനിസ്റ്റിനോട് ഫെമിനിസത്തെ പറ്റിയോ സംസാരിക്കുന്നു എന്ന് കരുതുക , മറ്റേയാൾ പറയുന്നത് കേൾക്കുന്നുണ്ട് എന്ന് ഭാവിക്കുകയും അതിനെ ഖണ്ഡിക്കുവാൻ ഉള്ളിൽ എതിർ വാദങ്ങൾ പരതുകയും ആയിരിക്കും ഒരാൾ ചെയ്യുക , ആർക്കാണോ  വാദിക്കുവാൻ വൈദഗ്ദ്ധ്യം കൂടുതൽ അയാൾ ജയിക്കും , ഇനി പറഞ്ഞു ഭലിപ്പിക്കാൻ കഴിയാതെ പോയവൻ ഒരു വൈരാഗ്യ മനോഭാവത്തിൽ എത്തുകയും ഇനിയൊരവസരത്തിനോ , മറ്റേയാളുടെ ഒരു പിഴവിനോ കാത്തിരിക്കും .കാരണം സംവദിക്കുവാൻ ഇതിനിടയിലുള്ള ഒരു സ്പേസ് ഉണ്ടാവണം....

ചുരുക്കത്തിൽ എത്ര വലിയ ആശയമായാലും സംവദിക്കപ്പെടുന്നില്ല , തർക്കങ്ങളുടെ  ശബ്ദകോലാഹലങ്ങൾ മാത്രമേ നടക്കുന്നുള്ളു , സംവാദത്തിന്റെ സൗഹൃദാന്തരീക്ഷങ്ങൾ ഉണ്ടാക്കുന്ന സഹവ്യക്തിത്വത്തെ കേൾക്കാനും അറിയാനുമുള്ള വിവേകം നമുക്കില്ല ...... Be a good listener ....... അവനവന്റെ ശരികളിൽ മാത്രം കടിച്ചുതൂങ്ങുന്നവനാണ് ഏറ്റവും വലിയ അസഹിഷ്ണുത ഉണ്ടാവുക ....
പൗരോഹിത്യങ്ങളുടെ നാൾ വഴികളിലൊന്നും അവനും അവളും തമ്മിലെ ദൂരമില്ലാതാവുന്നില്ല , ജനാധിപത്യത്തിന്റെ തുറന്ന സംവാദങ്ങളിലെങ്കിലും ലിംഗസമത്വത്തിലേക്കുള്ള ദൂരം കുറയട്ടെ ...

അസഹിഷ്ണുതയിലൂടെയല്ല  , പുരോഗമനപരമായ ആശയസംവാദനത്തിലൂടെയേ പരിവർത്തനം സാദ്ധ്യമാവൂ ........
വെളിച്ചമെത്താത്ത കോണുകൾ ,
നിങ്ങൾ പെണ്ണിനായി കരുതി വയ്ക്കരുത്.
അവളെ ചിതലെടുത്ത് പോവും .

മഴയും വെയിലുമേറ്റാലും,  പനിച്ചു പൊങ്ങാത്ത ബാല്യവും ,
ഭയത്തിന്റെ കണ്ണിൽ നോക്കിച്ചിരിക്കുവാ-
നൊരുനൂറ് നിറങ്ങളും നൽകുക.

മുട്ടക്കുള്ളിലാണ് ലോകമെന്നും,
വിലക്കുകൾ കരുതലാണെന്നും
പറയുന്ന കാലത്തോളം ,
ഉള്ളിലെ അഗ്നിയെ അവളെങ്ങനെ തിരിച്ചറിയും ?
സ്വത്വമപ്പോഴും ഇനിയും പിറക്കാത്ത നിഴലുകളായിരിക്കും.......
അവർ ഭയപ്പെടുത്തുകയാണ്.....
ശബ്ദിക്കുന്ന നാവുകളെ,
ചരിത്ര സത്യങ്ങളെ,
പേനത്തലപ്പുകളെ,
പുസ്തകത്താളുകളിലെ അക്ഷരങ്ങളെ,
ചോദ്യങ്ങളാവുന്ന യുവത്വത്തെ ,

മറക്കാതിരിക്കണം ,
സൂര്യനസ്തമിക്കാത്ത
 സാമ്രാജ്യത്തിന്റെ മുന്നിൽ
 തലകുനിക്കാത്ത,
 ഒരു ജനതയുടെ
ആത്മാഭിമാനവും , സ്വാതന്ത്ര്യദാഹവും
ഒരിക്കലറിഞ്ഞാൽ സ്വാതന്ത്ര്യത്തേക്കാൾ ഭ്രമിപ്പിക്കുന്ന മറ്റൊന്നില്ല ..........
8.....

അവനത് എട്ടായിരുന്നു ,
കിഴുക്കിന്റെ ചൂടറിഞ്ഞ,
കണക്കിലെ ഒരു ഭീകരൻ എട്ട്.

എനിക്കത് രണ്ടറ്റം കൂട്ടിക്കെട്ടിയ ബലൂണോ,
ചുരമിറങ്ങുമ്പോൾ ഓക്കാനം വരുന്ന
വളഞ്ഞുപുളഞ്ഞ വഴികളോ ആയിരുന്നു,

എട്ട് പിന്നെയും, അവന്
പുറത്തേക്ക് വഴിയില്ലാത്ത
 കുരുക്കുകളായി .......

ഞാനിപ്പോഴും എട്ട് വരച്ച് ,
എന്റെ കുഴിയാനയെ ,
പിൻനടത്തം പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു .......


മതം ഒരുവൻ സ്വീകരിക്കുന്ന ഒന്നല്ല ; ജനിക്കുമ്പോഴേ ചുറ്റുപാടുകൾ അടിച്ചേൽപ്പിക്കുന്ന ഒന്നാണത് ; കാരണം വളർന്നു പക്വതയിൽ എത്തുമ്പോഴല്ല ആരും മതം സ്വീകരിക്കുന്നത് . ഒരു കാഴ്ചപ്പാടിൽ മാത്രം നിര്വചിക്കപ്പെടുന്ന ശരികളെ കേട്ടുകൊണ്ടാണ് ഓരോ മതവിശ്വാസിയും വളരുക . അതൊരു ചെറിയ ക്യാൻവാസ്  ആണ് . തിരഞ്ഞെടുപ്പിന്റെ യുക്തി ; ലിംഗ സമത്വം ; ജനാധിപത്യ മൂല്യങ്ങൾ ; മാനവികത ; വ്യക്തി സ്വാതന്ത്ര്യം ഇതൊക്കെ എത്രമേൽ അഡ്രസ് ചെയുന്നു എന്ന് നോക്കിയാൽ നന്നേ കുറവാണു .ഇവിടെ ചിന്തകൾ ഒരിക്കലും സ്വാതന്ത്രമല്ല  അതുകൊണ്ട് കാഴ്ചപ്പാടുകളും .  ഒരു ജനാധിപത്യ രാജ്യത്ത് ബഹുസ്വരത സംവദിക്കുമ്പോൾ  മതം അഡ്രെസ്സ് ചെയ്യപ്പെടേണ്ടത് തന്നെയാണ് ; ഒരു കമ്മ്യൂണിസ്റ്റ് കാരൻ വിശ്വാസി ആയികൊണ്ടല്ല അത് ചെയേണ്ടത് . മറ്റുള്ളവരുടെ വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ആവണം ഒരു സഖാവ് നിലകൊള്ളേണ്ടത് . മത വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് കാരൻ ആവാം ; പക്ഷെ കമ്മ്യൂണിസ്റ്റ് കാരൻ വിശ്വാസി ആയികൊള്ളണം എന്നില്ല . സമത്വവും മാനവികതയും നിര്വചിക്കപ്പെടാൻ സങ്കുചിതമായ കാഴ്ചപ്പാടിൽ നിന്ന് കഴിയില്ല എന്ന് സാരം . ക്യാറ്റഗറൈസ് ചെയ്യപ്പെടുന്നിടത് ഇല്ലാതാവുന്നത് മനുഷ്യൻ ആണ് . ഭക്ഷണം വസ്ത്രം പാർപ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ അനിവാര്യമായിരുന്നപ്പോൾ സംഘടിക്കുവാനും പ്രതിഷേധിക്കുവാനും ആയിരുന്നു മുൻഗണന വിശ്വാസങ്ങൾ അവിടെ രണ്ടാമതാണ് . ക്യാറ്റഗറൈസ് ചെയ്യപ്പെടുന്ന തുരുത്തുകളിൽ നിന്നല്ല മാനവികതയിൽ നിന്നുകൊണ്ട് മനുഷ്യന്റെ പ്രശ്നങ്ങൾ സംവദിക്കപ്പെടട്ടെ ; മനുഷ്യൻ എന്ന ഒരൊറ്റ അഡ്രസ്സിൽ മാത്രം .
ഭോഗിക്കുവാൻ മാത്രമെന്ന് കരുതിയ ബാലിശമായ  മിഥ്യാബോധത്തോട് അവൾ വ്യക്തമായി പറഞ്ഞു കഴിഞ്ഞു
സ്ത്രീ എന്ന സ്വത്വബോധത്തിന്റെ പ്രതികരണശേഷി  ,

നിഴലിൽ മറഞ്ഞു നിന്നല്ല
നിവർന്ന് നിന്ന് .....

ഗർഭപാത്രങ്ങളുടെ ആഴങ്ങൾ അളക്കാതെ
പെങ്ങളിലകളുടെ എണ്ണമെടുക്കാതെ
പെണ്ണിനെ സഹവ്യക്തിത്വമായി കാണാൻ കഴിയുന്ന കാലത്തിലേക്ക് ഇനിയും ദൂരമുണ്ട് ,

കപടസദാചാരബോധം കുത്തിവെയ്ക്കുന്ന , അതിക്രമങ്ങൾ കൊണ്ട് ദിനംപ്രതി കുപ്രസിദ്ധിയാർജിക്കുന്ന, ഒരു സമൂഹത്തിന്റെ ആശങ്കകൾ ,സ്ത്രീ സുരക്ഷയിൽ എവിടെ നിൽക്കുന്നു എന്ന് വിലയിരുത്തുന്നത് തന്നെയാണ്, വൈരുദ്ധ്യങ്ങളെ മനസിലാക്കുവാനെളുപ്പവും .......
വിശ്വാസങ്ങളുടെ തലതൊട്ടപ്പന്മാർ
 പണ്ടെങ്ങോ പറഞ്ഞു,
ഭൂമി പരന്നങ്ങനെ കിടക്കയാണെന്ന്.
അറ്റത്തെത്തിയാൽ
 കാലുതെന്നി നടുവടിച്ച് വീഴുമെന്ന്.

പെണ്ണുങ്ങളായ പെണ്ണെല്ലാം
ലോകത്തിന്റെ വിശാലതയിൽ ഭയന്ന്,
വിലക്കിന്റെ അവനവനിടങ്ങളിൽ ചേക്കേറി.

ഉച്ചിയിലടിച്ച വെട്ടം പോലെ ശാസ്ത്രം പറഞ്ഞു,
ഭൂമിയൊരു കോഴിമുട്ട പോലെയെന്ന്.

അറ്റത്തെത്തിയാൽ
കാലിടിച്ചിനി വീഴില്ലല്ലോ!
എന്ന് പെണ്ണൊരുത്തി ചോദിച്ചപ്പോൾ,

ശാസ്ത്രമങ്ങനെ പലതും പറയും
നീയാ മുട്ടക്കുള്ളിൽത്തന്നെ ഇരുന്നോ എന്ന് .......
ഉടലിൽ പ്രാണന്റെ പകുതി പകുത്തു തന്നവളുടെ ,
രക്തത്തുള്ളികൾ അശുദ്ധിയുടേതല്ല
അമ്മ എന്ന സ്ത്രീ സത്വത്തിന്റെ
ഉറവിടമാണത് ....

പുരുഷൻ പ്രകൃതിയിലലിയുന്ന സൃഷ്ടിയുടെ മഹാരഹസ്യം ....
ആകാശം ഒരു പോലെ വിശാലമാണ് ,

തളരാത്ത ചിറകുള്ളവൾ
തുറന്ന കണ്ണുകളുമായി
 അതിരില്ലാതെ പാറി നടക്കും ,

നൂൽച്ചരടിന്നറ്റത്ത് ,
സ്വയം കെട്ടി  ചില പട്ടങ്ങൾ പാറും,
അവർക്ക് സർവയലൻസിന്റെ
പരിധികളുണ്ട് .

മയിൽ പീലി പെണ്ണുങ്ങൾ സുന്ദരികളാണ് ,
വെളിച്ചം കണ്ടാൽ പ്രസവിക്കുന്നതിനാൽ,
താളിന്നിടയിലെ ഇരുട്ടിലൊളിഞ്ഞ് -
അവർ ആകാശം കാണും .

ആകാശം ഇപ്പോഴും വിശാലമാണ്
നമ്മളിലേക്കിടുങ്ങിയത്
നമ്മൾ മാത്രമാണ് .....
ഏതൊരു പുരുഷനിലും ഒരു സ്ത്രീയും ഏതൊരു സ്ത്രീയിലും ഒരു പുരുഷനുമുണ്ട് ,
ലിംഗസമത്വം എന്ന വാക്കിന്റെ അർത്ഥവ്യാപ്തി അറിയാൻ ആദ്യം വേണ്ടത് ഞാൻ ആരുടേയും പിന്നിലല്ല എന്ന തിരിച്ചറിവാണ് ....

സെറ്റിൽമെന്റ് ജീവിത രീതിയിൽ നിന്ന് സംസ്കാരം ഉരുത്തിരിയുവാൻ തുടങ്ങിയ കാലം പുരുഷൻ കായികാദ്ധ്യാനമുള്ള ജോലികൾ ചെയ്തും സ്ത്രീകൾ ഭക്ഷണം പാകം ചെയ്തും കുട്ടികളെ വളർത്തിയും പോന്നു പുരുഷ കേന്ദ്രീകൃത സാമൂഹിക കാഴ്ചപ്പാടുകൾക്ക് അവിടെ തുടക്കമാവുന്നു, പിന്നീട് സാമൂഹികമായ മാറ്റങ്ങൾ വരികയും ബൗദ്ധിക തലങ്ങളിൽ വലിയ വിപ്ലവങ്ങൾ സംഭവിക്കയും ചെയ്തു , ഇന്ന് ഒരേ ജോലി ചെയ്ത് സമ്പാദിക്കുകയും വീട് നോക്കുകയും ചെയ്യുന്ന സ്ത്രീകൾ സ്വയം തിരിച്ചറിയപ്പെടുന്നിടത്ത് , സമൂഹം  എല്ലാവരെയും മനുഷ്യരായി കണക്കാക്കുകയും , മാനുഷിക തലങ്ങളിൽ വ്യക്തികളായി അഡ്രസ് ചെയ്യപ്പെടുകയും ചെയ്യുന്നിടത്താണ് ലിംഗ സമത്വത്തിന്റെ പ്രസക്തി ....

we all are wonderful  human beingട
Let's not discriminate .....
അവരെൻറെ ചിന്തയിൽ വെടിയുതിർത്തു
നിശബ്ദമായ നാവിലും
ചലിക്കാത്ത കയ്യിലും
ഭയത്തിൻറെ വിത്തെറിഞ്ഞു

രക്തക്കറകൾക്കും കരിഞ്ഞ മാംസത്തിനും പിടഞ്ഞ പ്രാണനുമിടയിൽ
ഞാൻ തലയുയർത്താതെ നടന്നു

ചൂണ്ടുവിരലുകൾ അവരുടെ സിംഹാസനത്തെ വിറകൊള്ളിച്ചു
ചോദ്യങ്ങൾ അവരുടെ ചെവി കൊട്ടിയടച്ചു

ഭയന്ന് തുടങ്ങിയ ഓരോ നിമിഷവും
ഞാൻ വീണ്ടും മരിച്ചു
ചവിട്ടി നിന്ന മണ്ണിൽ
എൻറെ കാല്പാടു പതിഞ്ഞില്ല

അപ്പോഴും ബലികുടീരങ്ങളിൽ
പൊരുതി മരിച്ചവർ  തലയുയർത്തി നിന്നു
 അവരുടെ കണ്ണിലൂടെ തലമുറകൾ കണ്ടു ചുവപ്പിൻറെ വസന്തം

നാവു ചലിക്കുന്നതും മുഷ്ടി വാനിലുയർന്നതും പെരുവിരലറ്റത്തു
പ്രാണൻ തിരിച്ചു കയറുന്നതും
വളവു നിവരവേ ഞാനറിഞ്ഞു ......
ഇനിയും മരിക്കാത്ത യുക്തി,

ചിന്തയുടെ ഗർഭപാത്രത്തിന്നാഴങ്ങളിൽ,

ഉണർവിന്റെ ബീജങ്ങളിറ്റിക്കട്ടെ,

പിറക്കട്ടെ അളവറ്റ ബുദ്ധന്മാർ .......

ഇരുട്ടിൽ നാം പരതുന്ന
 കറുത്ത പൂച്ചകൾക്ക്,

വെളിച്ചമെത്തും വരെ മാത്രമാണായുസ്......
ഭയം ഒഴിഞ്ഞു മാറുന്ന ഇടങ്ങളുണ്ട് ,
വെറുപ്പിന്റെ ചഷകങ്ങ -
ളൊഴിഞ്ഞു കിടക്കുന്നിടം,
മൗനം ഭാഷയാവുന്നിടം,
പരിധികൾ കടപുഴകിയെറിയുന്നിടം.

അവിടെ കാൽപാടുകൾ ,
മുന്നിലും പിന്നിലുമല്ല ,
അവ ചേർന്നങ്ങനെ -
തിര നനച്ചമണ്ണിൽ ചിത്രമെഴുതും.

ലോകം ,അവരുടെ ഹൃദയത്തിനുള്ളിൽ ചേക്കേറും -
മനുഷ്യർ മാത്രമുള്ള വിശാലതയായ്.
പ്രകൃതിയവർക്ക് കവിതയാവും.

ഡാർവിനുമോഷോയ്ക്കും ,
മാക്സിനും,
വയലാറിനും ,ബഷീറിനു മയ്യപ്പനുമൊപ്പം -
അവർ മുന്നോട്ടു നടക്കും.

അക്ഷരങ്ങവരെ സ്വതന്ത്രമാക്കും,
വിലക്കുകളവർക്ക് കരുത്ത് നൽകും,
പരിധികളവരുടെ അതിര് തകർക്കും,
വീണിടങ്ങളിലവർ ,പുതിയ ഗാഥകളാവും.

അതുകൊണ്ടാണ്,
പ്രണയം വിപ്ലവത്തോട് പറഞ്ഞത്
അത്രമേൽ ഇഴചേർന്നവരാണ് നമ്മളെന്ന് .......
നുണകൾക്ക് ശരവേഗമാണ്,
നിമിഷാർധങ്ങളുടെ അംശങ്ങൾക്കകം,
അവ നിങ്ങളിൽ തറയ്ക്കും.

വെടിമരുന്നിൻ മുകളിൽ വീണ-
തീപ്പൊരിയെപ്പോലെ,
വെണ്ണീറുകൾക്കിടയിലാവും -
നിങ്ങൾ സത്യം പരതുക .

വൈകാരികതകൾക്ക് മൂർച്ച കൂട്ടി,
ബോധത്തെ ഇരുട്ടിലാഴ്ത്തി,
അവൻ ഉള്ളിലിരുന്നാക്രോശിക്കും .

അശ്വത്ഥാത്മാഹത യെന്നവൻ പറയിക്കും,
അതു കേട്ട് പിടഞ്ഞു തീരുന്ന ജീവൻ-
ധർമ്മത്തിന് വേണ്ടിയുള്ള -
 കുരുതിയെന്നവൻ പറയും .

വെറുപ്പിന്റെ കയ്പുനീരിന്,
മദ്യത്തിനേക്കാൾ ലഹരിയെന്നും,
ചോര വീഴ്ത്തുന്നവനാണ് യോദ്ധാവെന്നും
അവൻ മന്ത്രിച്ചുകൊണ്ടിരിക്കും.

ദയനീയമായ കണ്ണുകളിൽ നിന്നു -
മൊലിച്ചിറങ്ങാനാവതില്ലാതെ,
കണ്ണുനീർ കടലാവുമ്പോൾ,
അതു നിന്നെ ചുട്ടുപൊള്ളിക്കും .

വെറുപ്പലറിച്ചിരിക്കുന്ന ശവപ്പറമ്പുകളിൽ -
വെണ്ണീറുകൾക്കിടയിൽ നീ സത്യത്തെ പരതും,
നുണകളുടെ ചെമ്പു തെളിയുമ്പോൾ,
സത്യത്തിന് പത്തരമാറ്റാണ് .........

...... നഷ്ടങ്ങൾ ,
തിരിച്ചറിവിന്റെ ഭാണ്ഡത്തിലെ-
കിട്ടാക്കടമായി അപ്പോഴും ബാക്കിയാവും .
മറന്നു തുടങ്ങി നമ്മൾ ,
മരം കൊണ്ട വെയിലാണ് -
നമ്മുടെ തണലെന്ന് ....

ചുട്ടുപൊള്ളിയത് ,വടവൃക്ഷങ്ങളായി -
ചരിത്രം കുറിച്ചിട്ട പൂർവികരെന്ന്.
വില്ലുവണ്ടിയോടിയ വഴികൾ ,
അക്ഷരങ്ങളിലേക്ക് അയ്യങ്കാളി -
പിടിച്ചു നടത്തിയ പഞ്ചമിയെ ....

അച്ചിപ്പുടവ ചുറ്റിയ മാറ്റത്തിന്നലയൊലികൾ ,
കല്ലുമാലയിട്ട പെണ്ണിന്റെ ശബ്ദം.
പന്തിഭോജനങ്ങളൂട്ടിയ ജാതിവെറിമറന്ന മനുഷ്യരെ ,
കുടിപ്പള്ളിക്കുടങ്ങളില്ലങ്കിൽ മുടിപ്പുല്ലു- കുരുക്കുമായിരുന്ന നാടിനെ .

മണ്ണിൽക്കുഴികുത്തി കഞ്ഞി കൊടുത്ത ജാതി വെറിയെ-
അടിയാളന്റെ തോലുപൊളിഞ്ഞ അടികളെ ,
മടകളിൽ കുഴിച്ചുമൂടിയ മനുഷ്യരെ .

അടിയാന്റെ വിയർപ്പു നിറച്ച ജന്മിയുടെ പത്തായങ്ങളെ ,
അടിയാത്തിപ്പെണ്ണിന്റെ മടിക്കുത്തുകളെ ,
നങ്ങേലിയുടെ മുറിച്ചിട്ട മുലകളെ ......

ചരിത്രം നമുക്ക് ,തണലിലിരുന്ന് കേട്ട കഥകൾ മാത്രമാണ്
ആ തണൽ മാത്രമാണ് നാമറിഞ്ഞത് .

ആ കഥകളിൽ ചോര ചീന്തിയ മനുഷ്യരൊക്കെയും ,
പുഴുക്കളായി നരകിച്ചവരെ മനുഷ്യനാക്കാൻ ,
ഉയിരുകൊടുത്തവർ.

ചവിട്ടി നിൽക്കുന്ന മണ്ണിന് , വെളിച്ചമേകാൻ
പ്രാണൻ വെടിഞ്ഞവരുടെ
പോരാട്ടത്തിന്റെ  ചരിത്രമുണ്ട് ,
അവിടെ നമ്മുടെ വേരുകളുണ്ട് ,
നമുക്ക് തണലേകാൻ വെയിൽ കൊണ്ടവർ ...............
മത വിശ്വാസങ്ങൾ ആദ്യം റദ്ദ്‌ ചെയ്യുന്നത് യുക്തിയെ തന്നെയാണ് . ദൈവം  കളിമണ്ണ് കുഴച്ച് മനുഷ്യനെ സുഷ്ടിച്ചെന്നും ,ആണിന്റെ വാരിയെല്ലിൽ നിന്നും പെണ്ണിനെ ഉണ്ടാക്കി എന്നതും വിശ്വാസങ്ങളാണ് , അത്തരം കാര്യങ്ങൾ കേട്ടു വളർന്ന നാം തന്നെയാണ് , ഡാർവിന്റെ പരിണാമ സിദ്ധാന്തവും , പും ബീജവും അണ്ഡവും ചേർന്ന് ഭ്രൂണമാവുന്നു വെന്നും ഭ്രൂണമാകാതെ പുറത്തേക്ക് പോവുന്ന ശരീരത്തിന്റെ വെറുമൊരു പ്രക്രിയയാണ് മെൻസ്ട്രൽ സൈക്കിൾ അഥവാ ആർത്തവം എന്നുമൊക്കെ പഠിക്കുന്നത് .ഇതിൽ യുക്തി ഏതെന്ന് നമുക്ക് വ്യക്തമായി അറിയാം , അത് കൊണ്ടാണ് പെട്രോൾ തീർന്നാൽ പമ്പിലേക്കും അസുഖം വന്നാൽ ആശുപത്രിയിലേക്കും നാം പോവുന്നത് അവിടെ ആരാധാനാലയങ്ങളിലേക്ക് പോവാത്തത് നമ്മുടെ യുക്തിയാണ് .ഈ ശാസ്ത്രം നൽകുന്ന  യുക്തിയും, വിശ്വാസങ്ങളും വൈപരീത്യങ്ങളാണ് . പൗരോഹിത്യം വലിയ സ്വാധീനം ചെലുത്തുന്ന സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് പുറത്തു ചാടുക അത്ര എളുപ്പമല്ല , അതു കൊണ്ടു തന്നെയാണ് വിദ്യാസമ്പന്നരായ ബൗദ്ധിക നിലവാരമുള്ള നമ്മുടെ നാട്ടിൽ പോലും ദിനം പ്രതി അന്ധവിശ്വാസങ്ങളും ആൾദൈവങ്ങളുമുൾപ്പെടെ പടർന്ന് പന്തലിക്കുന്നതും , അനേക കോടി മനുഷ്യരുണ്ടായിട്ടും നൂറ്റാണ്ടുകളിലൊരിക്കൽ മാത്രം ഇസങ്ങൾ സൃഷ്ടിക്കപ്പെടുന്നതും .

വിദ്യാഭ്യാസം അക്കാദമിക്ക് തലങ്ങളിലെ ചവച്ചു തുപ്പലല്ല ,അത് യുക്തിപൂർവ്വമായ  അന്വേഷണമാണ് , മുൻവിധികളും അസഹിഷ്ണുതകളുമില്ലാതെ . വായന സ്വതന്ത്രമാക്കുന്നത് നമ്മെത്തന്നെയാണ് , അറിവ് നിങ്ങളെ തളച്ചിടുന്നുവെങ്കിൽ അത് അറിവല്ല , അറിവിന്റെ പരിമിതിയാണ് , കാഴ്ചകളും കാഴ്ചപ്പാടുകളും ലോകത്തേക്കാൾ വിശാലമാവട്ടെ ......
പ്രോമിത്യൂസിനൊരു ഹൃദയമുണ്ടായിരുന്നു ,
രാത്രിയിലത് കഴുകൻ കൊത്തി വലിച്ചു ,
പുലർച്ചെ മുറിവുകൂടി കിളിർത്ത് വന്നു.

ഹൃദയമുള്ളതുകൊണ്ടവൻ മോഷ്ടാവായി ,
മോഷ്ടിച്ച അഗ്നി മനുഷ്യനേകി ......

അവനറിയാമായിരുന്നു, തണുത്തുറഞ്ഞവനെ -
അത് ജ്വലപ്പിക്കുമെന്ന് .

അഹംബോധങ്ങളെ
ചുട്ടു ചാമ്പലാക്കുമെന്ന് .

ആയുധങ്ങൾ  ജനിക്കുമെന്ന് ,
അതവന് പ്രതിരോധമാകുമെന്ന് .

അന്ധതകളിൽ പടർന്നിറങ്ങി -
അറിവിന്റെ വെളിച്ചമാകുമെന്ന് ,

പുകയുന്ന ചുരുളിൻ തെറുപ്പുകളിൽ -
ഇസങ്ങൾ ജനിക്കുമെന്ന് .

അല്ലെങ്കിൽ മഞ്ഞുമലകളിൽ ,ഉയിരറ്റ -
ചീയാത്ത ശവങ്ങളാകുമായിരുന്നു നാം .

കോപമടങ്ങാതെ ദേവന്മാർ
കഴുകന്മാരെ വിട്ട് ,
മാനവികതയുടെ ഹൃദയം കൊത്തിപ്പറിച്ചു ,

നാഡികൾ ചൂടും വെളിച്ചവുമറിഞ്ഞ മനുഷ്യൻ -
ഇനി ഞങ്ങളോട് യാചിക്കില്ല ......

അപ്പോഴും കഴുകന് കൊത്തിപ്പറിക്കാനാവാതെ
ആ ഹൃദയം വളർന്നു കൊണ്ടേയിരുന്നു ......
വരരുചിപ്പഴമയിൽ പറയാതെ പോയൊരു പേരുണ്ട് ,
പെറ്റു കൂട്ടിയ പ്രാണന്റെ തുണ്ടുകൾ
ചങ്കു നീറി വഴിയിൽ കളഞ്ഞവൾ ,

ചാത്തനും ,പാണനും ,പാക്കനാരും
ഉപ്പുകുറ്റനും, രജകനും, വള്ളുവനും
തച്ചനും , നായരും ,കാരക്കലമ്മയും,
അഗ്നിഹോത്രിയും , വായില്ലാക്കുന്നിലപ്പനും
ഭ്രാന്തന്റെ കൂടെപ്പിറന്നോർ .

കുലപ്പെരുമകളുടെ മേനി പറച്ചിലിൽ,
തീണ്ടാപ്പാടകലങ്ങളിൽ മാറി നിന്നു -
അവരുടെ സന്തതിപരമ്പരകൾ .

ഒരേ ബീജത്തിൽ നിന്നുയിർകൊണ്ടവർ ,
ഒരേ മുലപ്പാൽ വലിച്ചു കുടിച്ചവർ,
അവരെങ്ങനെ പലതായി ?

അഴിക്കാനാവാത്ത സമസ്യയായി  ,
ചോദ്യങ്ങൾ കുരുങ്ങുമ്പോൾ
വേരിലേക്ക് മടങ്ങുക,
 ഉത്തരം അവിടെയാണ് .

അവിടെ ഗർഭപാത്രം പേറിയവൾക്ക്
വിളിപ്പേരില്ല ,അവളിപ്പൊഴും
പന്തിരുകുലം പെറ്റ പറയിയാണ് ......
പ്രസംഗ വേദികളിൽ പണ്ട് സ്ഥിരമായി കാച്ചുന്ന വാക്കുകളായിരുന്നു സംസ്കാരം ,പൈതൃകം എന്നൊക്കെ . സംസ്കാരം എന്ന വാക്കിന്റെ അർത്ഥമെന്തെന്ന് പിന്നെയും ഒരു പാട് കഴിഞ്ഞാണ് മനസ്സിലാക്കുന്നത് ,ചിന്തിച്ച് തുടങ്ങുന്നിടത്ത് . അലഞ്ഞു തിരിഞ്ഞു വേട്ടയാടി ജീവിച്ച മനുഷ്യൻ ഒന്നിച്ചൊരിടത്ത് താമസിക്കുവാൻ തുടങ്ങിയപ്പോൾ അവനിൽ വന്നു ചേർന്ന സാമൂഹിക പരമായ , പരസ്പര ബോദ്ധ്യങ്ങളിൽ നിന്നാണ് സംസ്കാരം ഉരുത്തിരിയുന്നു .പിന്നീടത് വളർന്നു വികസിക്കുന്നു , മറ്റു നാടുകളിൽ നിന്നും ഏറ്റുവാങ്ങിയതുമായി സമ്മിശ്രമാവുന്നു . പൗരോഹിത്യവും ജന്മിത്വവുമെല്ലാം പിടിമുറുക്കുന്നതോടെ സ്ത്രീകളും , ദളിതരും ,ആദിവാസികളുമെല്ലാം പാർശ്വവൽകരിക്കപ്പെട്ടും , ഏകപക്ഷീയമായ സാമൂഹിക പൊതുബോധങ്ങളിലും , അനാചാര അന്ധവിശ്വാസങ്ങളിൽ ഇരകളാക്കപ്പെടുകയും ചെയ്തു , വേദം കേട്ടാൽ ശൂദ്രന്റെ ചെവിയിൽ ഈയമൊഴിക്കുന്ന കാലമുണ്ടായിരുന്നു , മനുഷ്യർ തമ്മിൽ തീണ്ടാപ്പാട് അകലങ്ങൾ ഉണ്ടായിരുന്നു , വഴി നടക്കുവാനും ,വസ്ത്രം ധരിക്കുവാനും ,അഭരണമണിയുവാനും ,ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനും വിലക്കുണ്ടായിരുന്നു , ഉപ്പ് വാങ്ങാൻ പോയയാൾ ഉപ്പ് വേണം എന്നു പറഞ്ഞതിന് തല്ലിക്കൊന്നിട്ടുണ്ടത്രെ , ചങ്ങനാശ്ശേരിയിൽ അടിമച്ചന്ത ഉണ്ടായിരുന്നു , ഇത്രയേറെ ഇരുളടഞ്ഞ നമ്മുടെ പഴയ കാലത്തിൽ പുരോഗമന , വിപ്ലവ ,നവോത്ഥാന മൂല്യങ്ങളാണ് വെളിച്ചം കൊണ്ടുവരുന്നത് . അയ്യപ്പനും അയ്യങ്കാളിയും നാരായണനും നങ്ങേലിയും തുടങ്ങി ചരിത്രം കുറിച്ചിട്ടവർ നൽകിയ വെളിച്ചമാണ് നമ്മുടെ സംസ്കാരം . അത്മീയതക്കും പുരോഗമനാശയങ്ങൾക്കും ഒരേ പോലെ മാനവികതയിലൂന്നിയ സ്വത്വമായിരുന്നു , ബ്രിട്ടീഷുക്കാരും കൃസ്ത്യൻ മിഷനറി മാരും വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന ബൗദ്ധിക വിപ്ലവം നമ്മെ അന്ധവിശ്വാസങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ചു . പക്ഷേ ഇപ്പോഴും സംശയമാണ് സംസ്കാരം എന്ന വാക്ക് ഏതർത്ഥത്തിലാണ് നാം ഉൾക്കൊള്ളുന്നതെന്ന് . മാനവികതയിലൂന്നിയ പുരോഗമന ചിന്തകളിലാണോ ,പഴമയുടെ ഇരുണ്ട അന്ധത കളിലാണോ നാം സംസ്കാരത്തെ താരതമ്യപ്പെടുത്തുന്നത് . ലോകം വിരൽ തുമ്പിൽ നിൽക്കുന്ന നമുക്ക് ചവിട്ടി നിൽക്കുന്ന മണ്ണിന്റെ വേരുകളറിയില്ല ...
# വിജയലക്ഷ്മി
അതൊരു പെണ്ണുടലായിരുന്നു
പിഞ്ചായിരുന്നു .......

പൊക്കിൾക്കൊടിക്കെട്ടുമായി,
ചുരുണ്ടു കൂടിക്കിടന്നിടം .
ആർത്തവം അണപൊട്ടിയ -
ഭിത്തികൾക്കിടയിൽ
 അന്ന് ലോകം പൊക്കിൾക്കൊടിയുടെ
മറ്റേത്തലപ്പായിരുന്നു .

അതിന്റെയറകൾക്കത്ര ഇരുട്ടില്ല,
ഇടുങ്ങിയതുമല്ല , കാരണം
പെണ്ണാഴങ്ങൾ ഇനിയും അളക്കപ്പെട്ടിട്ടില്ല .

പേറ്റുനോവിന്നൊടുവിലിറ്റ ചിരി ,
അതിന് തുമ്പപ്പൂവിന്റെ നിറമായിരുന്നു .
പിന്നെയാ പൂക്കൾ കവർന്നത് -
അവൾക്കൊപ്പം വളർന്ന വിലക്കിന്റെ -
കണ്ണാടിച്ചില്ലുകൾ .

പെൺചിറകുകൾ അതിൽത്തട്ടി നിന്നു ,
അതിലവൾക്ക് ചങ്ങലകൾ വരിഞ്ഞിരുന്നു ,
അതിന്റെ ഉമ്മറപ്പടികളിലുടക്കിയ കാഴ്ചകൾ ,
ചില്ലുകളിൽത്തട്ടി തിരിച്ചു വന്ന സ്വപ്നങ്ങൾ.

പെണ്ണിന്റെ പ്രതിബിംബങ്ങൾക്കുള്ളിൽ -
അവളിപ്പോഴും അവളല്ലാതെ -
ജീവിച്ച് മരിച്ചു കൊണ്ടേയിരിക്കുന്നു .......
we the people of India ,
ഭരണഘടന നമ്മെ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ് ജാതിമത ,വർണ ,വർഗ, ഭാഷാ, ദേശ, ലിംഗ വ്യത്യാസങ്ങളില്ലാതെ പൗരനായി ......

അതു കൊണ്ട് മാത്രമല്ല ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്നത് ,

കാരണം .... അതാണെനിക്ക് ജനാധിപത്യം ഉറപ്പാക്കുന്നത് ,
അതാണെന്റെ മതേതരത്വം സംരക്ഷിക്കുന്നത് ,
അതാണെനിക്ക് വോട്ടവകാശം നൽകുന്നത് ,
അതാണെനിക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നത് ,
അതാണെനിക്ക് സ്വാതന്ത്ര്യം നൽകുന്നത് ,
അതാണെനിക്ക് ലിംഗസമത്വമുറപ്പാക്കുന്നത് ,
അതാണെനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകുന്നത് ,
ഇത്രയേറെ ബഹുസ്വരതയിലും അതാണെന്നെ സഹ വ്യക്തിത്വങ്ങളോട് ചേർത്തു നിർത്തുന്നത് ........
സമുദായങ്ങളുടെ പെരുക്കപ്പട്ടിക നീളിക്കാൻ ,
നിറവും ഗുണവും പണവുമൊത്തു നോക്കി,
വംശപരമ്പരകളെ പെറ്റു കൂട്ടേണ്ട ,
ഒരുടൽ മാത്രമല്ലവൾ . ആ ബോധ്യങ്ങൾ ഇനിയും പൊളിച്ചെഴുതപ്പെടുന്നില്ല . അതു കൊണ്ടാണ് വിവാഹക്കമ്പോളത്തിൽ അക്കാദമിക് മികവുകൾ വാരിക്കൂട്ടിയവളോടും നമ്മൾ പാചകമറിയാമോ എന്ന് മാത്രം ചോദിക്കുന്നത് . സമൂഹം തുല്യതയിലേക്ക് സംവദിക്കുന്നു എന്ന് പറയുമ്പോഴും പെണ്ണിന്റെ സ്വപനവും ലക്ഷ്യവുമെല്ലാം * conditions apply ആയി തുടരുന്നു .

പെണ്ണിൽ നിന്നാണ് തലമുറകളുടെ ബൗദ്ധികവും വൈകാരികവും സാംസ്കാരിക പരവുമായ വളർച്ച , ആണധികാരത്തിന്റെ ആക്രോശങ്ങളും വിലക്കുകളും കേട്ടുവളർന്ന ഒരു പെണ്ണിന് തന്റെ തലമുറയിലേക്ക് പകരാൻ കഴിയുന്നത് അ വിധേയത്വ മേൽപിക്കുന്ന നീതികേടുകളും ഏകപക്ഷീയതകളുമാണ് .അതുകൊണ്ട് മാത്രമാണ് സ്ത്രീകൾ പുരുഷ കേന്ദ്രീകൃത ചിന്താഗതികളുടെ വക്താക്കളാവുന്നത് .
പെൺകുഞ്ഞിന് മാത്രമാണ് ഉപദേശങ്ങൾ എത്ര ആൺകുഞ്ഞുങ്ങളോട് നമ്മൾ പറഞ്ഞു കൊടുക്കാറുണ്ട് പെണ്ണ് സഹവ്യക്തിത്വമാണെന്ന് ?

ഈ ഏകപക്ഷീയ ചിന്തകൾ കേട്ടു വളരുന്ന ഒരു വൾക്ക് എങ്ങിനെയാണ് ആത്മാഭിമാനം മുറിവേൽക്കപെടുന്നത് വിധി എന്ന് പഴിക്കാതിരിക്കുന്നത് ,നീതി നിഷേധങ്ങൾ കീഴ്വഴക്കങ്ങളാണ് എന്നും  ചിന്തിക്കുന്നത് .

സമത്വത്തെ ചേർത്തു നിർത്തി തന്നെയും അടയാളപ്പെടുത്തുന്ന കുറച്ച് പെൺ ശബ്ദങ്ങളെക്കുറിച്ചല്ലിത് , അതിലുമെത്രയോ ഭൂരിഭാഗം വരുന്ന , സ്ത്രീവിരുദ്ധതകൾ അങ്ങേയറ്റം ആഘോഷിക്കപ്പെടുന്ന , പുരുഷ കേന്ദ്രീകുത ഏകപക്ഷീയതകളിൽ സ്വയം തളച്ചിടുന്നവരെ പറ്റിയാണ് .

അയ്യങ്കാളിയും അബേദ്കറും പറഞ്ഞതാണ് ശരി , സ്ത്രീകൾക്ക് നല്ല  വിദ്യാഭ്യാസം ലഭിക്കണം ,അതിലൂടെ മാത്രമേ സമൂഹം വളരു . സ്ത്രീകൾ പ്രബുദ്ധരാവുന്നിടത്ത് ലോകം കീഴ്മേൽ മറിയില്ല മറിച്ച് നിങ്ങൾക്ക് ഇരകൾ ഇല്ലാതെയാവും .
കാടും മണ്ണും വയലും മലയും -
പ്രൈസ് ടാഗുകൾ കെട്ടി നിൽക്കുന്നു.

 കെട്ടിന്റെ മറ്റേത്തലക്കൽ,
കമ്പോളങ്ങളിൽ നാവാടാനറിയാത്ത -
ചെളിയുടെ മണമുള്ള,
 കർഷകൻ തൂങ്ങിയാടുന്നു .

കിട്ടാക്കടങ്ങളുടെ കൂട്ടിക്കിഴിക്കലിൽ -
അവർ അവന്റെ പ്രാണനിട്ട വില ,
 ഒരു സായാഹ്ന ഷോപ്പിങ്ങിനേക്കാൾ -
കുറവായിരുന്നിക്കണം.

വിണ്ടുകീറിയ പാദങ്ങളിൽ ,
പൊടിഞ്ഞിറ്റ -
ചോരയാൽ
അവനും വരച്ചിട്ടു ,
മൃതപ്രായമായ വയലുകളുടെ ഭൂപടം ...
പെണ്ണിടങ്ങളെ മൂടിക്കളഞ്ഞ
ആഢംബരക്കല്ലറകൾ

കല്ലറകൾക്കടിയിലെ
കരി ഭേദങ്ങൾ
രാകി മിനുക്കാത
ഉള്ളിലുറഞ്ഞ വജ്രച്ചില്ലുകൾ.

സ്വപ്നാടനങ്ങളിലെ -
അലസസഞ്ചാരികൾക്ക്
യക്ഷിപ്പനകൾ
വിധിക്കപ്പെടുന്നു

അവളുടെ അലറിപ്പറച്ചിലുകൾ
ചെയ്യരുതായ്മകളുടെ -
 അതിർവരമ്പിൽ തട്ടി
പ്രതിധ്വനിച്ചു കൊണ്ടിരുന്നു .

പ്രണയത്തിന്റെ ഉന്മാദം
മണത്ത്
അവരങ്ങനെ ഒഴുകിനടന്നു

നെറുകിൽത്തറച്ച മുറിപ്പാടുകളിൽ-
കരികളിൽ നിന്നുയിർ കൊള്ളേണ്ട
വജ്രച്ചില്ലുകൾക്കായി
പാലപ്പൂ ഗന്ധം
ഒഴുക്കിക്കൊണ്ടേയിരിക്കുന്നു

അവളുടെ ഗന്ധങ്ങൾ അസ്വസ്ഥമാക്കിയ
പ്രമാണിത്തങ്ങളെ അവളെത്തളച്ച ചങ്ങലപ്പാടുകളുടെ പുഴുവരിച്ച വൃണങ്ങൾ
വേട്ടയാടുന്നുമില്ല


# നമുക്ക് പഠിച്ചു വെച്ച മറുപടികളേ ഉള്ളു,
ചോദ്യങ്ങളില്ല ....

സംസ്കാരത്തെപ്പറ്റി വാചാലരാകുമ്പോഴും
കർഷകൻ വിണ്ടു കീറിയ പദങ്ങളുമായി സമരം ചെയ്യുന്ന നാട് .

ലിംഗസമത്വത്തെക്കുറിച്ച് സംവദിക്കപ്പെടുമ്പോഴും ഏറ്റവുമധികം സ്ത്രീകൾ അതിക്രമിക്കപ്പെടുന്ന നാട് .

വിദ്യാഭ്യാസ സമ്പന്നതിയിൽ പുളകം പൂണ്ട് നിൽക്കുമ്പോഴും എണ്ണിയാലൊടുങ്ങാത്ത തൊഴിൽ രഹിതരുള്ള നാട് .

ബാറുകളുടെ നിലവാരം സ്റ്റാർ റേറ്റിങ്ങിൽ ഉറപ്പാക്കുമ്പോൾ ആശുപത്രിയിൽ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ച കുഞ്ഞുങ്ങളുടെ നാട് .

നിത്യജീവിതം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നവന് കൃത്യമായി വിലക്കയറ്റം പൊറുതി മുട്ടിക്കുന്ന നാട് .

ഇൻക്രെഡിബിൾ എന്ന് ലോകം വാഴ്ത്തുമ്പോൾ സാനിറ്റേഷന് പരസ്യം ചെയ്യേണ്ടി വരുന്ന നാട് .

ശാസ്ത്രം അതിന്റെ എല്ലാ സാദ്ധ്യതകളും തുറന്ന് വെയ്ക്കുമ്പോഴും ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളും പെറ്റുപെരുകുന്ന നാട് .

കോൺക്രീറ്റ് വികസനം ചവച്ചു തുപ്പുന്ന ചേരികൾ ആരോഗ്യഹീനമാവുന്ന നാട് .

പരിസ്ഥിതി സൗഹൃദമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ , പ്രകൃതിയെ വാസയോഗ്യമല്ലാതാക്കുന്ന നാട് .

എന്തുകൊണ്ടാണ് നമ്മൾ ഇവയോർത്ത് വൃണപ്പെടാത്തത് ???? എന്തുകൊണ്ടാണ് ഇവയെല്ലാം അപ്രസക്തമായ വെറും തലക്കെട്ടുകൾ മാത്രമാവുന്നത് ??? എന്തുകൊണ്ടാണ് ക്ഷുഭിത യൗവ്വനങ്ങൾ പോലും യാധാർഥ്യങ്ങൾക്കു നേരേ കണ്ണടക്കുന്നത് ????

നമുക്ക് പഠിച്ചു വെച്ച മറുപടികളേ ഉള്ളൂ .
ചോദ്യങ്ങളില്ല......
ഓ ,പെണ്ണ് !
കവി പറഞ്ഞ കണ്ണുനീർത്തുള്ളിയല്ല ,
പഴമയുടെ പിൻ വാക്കുമല്ല ,

പിന്നെ ,

അധികാര ഗർവിൻ മുന്നിൽ -
മുലയറുത്തിട്ടവളാണോ?
പടവാളെടുത്തു പടയ്ക്കു -
പോയവളോ?
കാമം ചവച്ചു തുപ്പിയിടത്തു നിന്ന് -
ഉയർത്തെണീറ്റവളോ ആണോ?

അല്ല ,

അതിലുമധികമാണകത്തളങ്ങളിൽ ,
തലമുറകളെ നേർ നടത്തുന്നവൾ,
വിശപ്പിന് വെച്ചുവിളമ്പുന്നവൾ ,
വിയർപ്പ് കൊണ്ട് കൂലി വാങ്ങുന്നവൾ ,
തളർച്ചയിൽ ചായുവാൻ മടിത്തള മേകുന്നവൾ ,
പരിമിതികളെ ചിരിച്ച് തോൽപ്പിച്ചവൾ ,
പകലന്തിയോളം യാന്ത്രികമാവുന്നവൾ ,
വൈകാരികതകളെ തുലനം ചെയ്യുന്നവൾ .

അവളോളം ശക്തമായ ഒന്നില്ല ,
ആണധികാരത്തിന്റെ കോട്ടച്ചുവരുകളിൽ -
അവളെഴുതി വെയ്ക്കും

ഇത് അവളുടേയും -
അവനവളുമാരുടേയും കൂടി ലോകമെന്ന് .......
ഭ്രാന്താലയങ്ങളൊന്നും
 പ്രബുദ്ധമാക്കപ്പെട്ടിട്ടില്ല.
പ്രതിമകളും ,
ചുവരിലാലേഖനം ചെയ്ത
ചിത്രങ്ങളും ,
മഹത് വചനങ്ങളും
തിരുശേഷിപ്പുകൾ മാത്രം
നാരയണനു മയ്യങ്കാളിയും
അംബേദ്കറും ബുദ്ധനും
ഉറക്കെ വിളിച്ചു പറയുന്നുണ്ട്
ഇരുട്ടിലൊരു പന്തം കൊളുത്തിവെക്കുവാൻ ..........
ആഞ്ഞൊന്നു തള്ളി മടുത്തപ്പോൾ
കാലിയായ ഇന്ധന ടാങ്കിന്റെ
പള്ള നിറക്കാൻ
വാ കീറിയ ദൈവം ഇരയും തരുമെന്ന്
വാതോരാതെ പറഞ്ഞവൻ
തെല്ലൊരു ശങ്കയില്ലാതെ
വച്ചുപിടിച്ചത് പെട്രോൾ പമ്പിലേക്ക്
ശാസ്ത്രം ജയിച്ചോന്ന് ചോയ്ച്ചാ!

ദേ ചൊവ്വയിലേക്കു
പാഞ്ഞുകയറാൻ വാലറ്റത്തു
തീ കൊടുക്കും മുന്നേ
നാരങ്ങയും മുളകും കോർത്തവന്റെ
നെറുകന്തലയിലേയ്ക്കു
ശാസ്ത്രബോധമൊന്നെത്തി നോക്കി .
വർഗത്തെ മാത്രം അഡ്രസ് ചെയ്യപ്പെടുന്നു എന്നതുകൊണ്ട് ഇന്ത്യൻ സാഹചര്യത്തിൽ സാമൂഹ്യനീതി ഉറപ്പാകുന്നില്ല . കാരണം ജതി വ്യവസ്ഥ ഒരു യാഥാർത്ഥ്യമായി നിലകൊള്ളുന്നു . അതു കൊണ്ടാണ് കുതിരപ്പുറത്ത് കയറിയതിന്റെ പേരിൽ ദളിതനെ ഇന്ത്യയിൽ തല്ലിക്കൊല്ലുന്നത് , സവർണ മേധാവിത്വം അവന്റെ കുടുംബത്തെ വീട്ടൽ പൂട്ടിയിട്ട് ചുട്ടെരിക്കുന്നത് . ആരാധനാലയങ്ങളുടെ നീണ്ടാപ്പാടകലങ്ങൾ ഭേദിക്കുന്നവനെ കൂട്ടം ചേർന്ന്  തല്ലിക്കൊല്ലുന്നത് . അവന് സമ്പത്തില്ലാത്തതല്ല അവന്റെ തെറ്റ് അവൻ പിറന്ന ജാതിയാണ് . ദുരഭിമാനക്കൊലയിൽ ഇരകളുടെ സാമ്പത്തിക ശ്രോതസ് അല്ല അതിന് കാരണം . നീതി സ്വാഭാവികവും ആകസ്മികവുമായ ഒന്നല്ല , അത് അംബേദ്കറും അയ്യങ്കാളിയും തുടങ്ങി ഒരു പാട് പേർ പോരടിച്ച് നേടിയതാണ് . സാമുഹിക നീതി ഉട്ടോപ്യൻ ചിന്താഗതി ആണെന്ന തോന്നൽ യാഥാർത്ഥ്യത്തിന് നേരേ പുറംതിരിക്കലാണ് .ദാരിദ്യ നിർമ്മാർജന പദ്ധതികളിലേക്ക് സംവരണത്തെ വലിച്ചിറക്കി ഇവിടെ ഒരു സാമൂഹിക മാറ്റവും ഉണ്ടാകുവാൻ പോകുന്നില്ല .നീതി നിഷേധങ്ങൾ ഇന്ത്യൻ സാഹചര്യങ്ങളിൽ കഥകളെ വെല്ലുന്ന യാഥാർത്ഥ്യമാണ് അത് തിരിച്ചറിയാൻ ബൗദ്ധിക തലങ്ങളുടെ കനമല്ല തുറന്നു വെച്ച കണ്ണുകൾ മാത്രം മതി ...
അവളുടെ കണ്ണുകളിൽ
എന്റെ ഘടികാര സൂചികൾ
നിലച്ചു പോയിട്ടുണ്ട്

ഗ്രീഷ്മവും ശിശിരവും വസന്തവും ഞാനവളിൽ കണ്ടു ഭ്രമിച്ചിട്ടുണ്ട്

കൗതുകത്തിന്റെ കടലാഴങ്ങളിൽ
മുങ്ങി നിവർന്നിട്ടുണ്ട്

അവളില്ലാത്ത നിമിഷങ്ങൾ
വഴിക്കണ്ണുകൾ കഴച്ച് മടുത്തിട്ടുണ്ട്

അവളെന്ന നിഴലിൽ
പ്രണയമെന്നെ ഒളിപ്പിച്ചു വച്ചിട്ടുണ്ട്

എന്റെ ഘടികാര സൂചികൾ
ശരവേഗം തിരിയുമ്പോൾ
അവൾക്കു മാത്രം കിതപ്പേറുന്നു

പേറൊഴിഞ്ഞ വയറുന്തിചുളിഞ്ഞ്
പാൽ മണം കിനിഞ്ഞ മുലകൾ ഞാന്ന്
യൗവ്വനം പകർന്നാട്ടങ്ങളുടെ കടലെടുക്കുമ്പോൾ

ഒതുക്കത്തിന്റെ അവളാഴങ്ങളിലേക്ക്
മുങ്ങിത്താഴുമ്പോൾ
പൊതുബോധങ്ങളൂറ്റിക്കുടിച്ച
സ്വപ്നങ്ങളുടെ ചാപിള്ളകളിലേക്ക് -

സ്വയം വലിച്ചെറിയപ്പെടുന്നയിടങ്ങളിൽ
പ്രണയമെത്ര തലതല്ലി മരിച്ചിട്ടുണ്ട്

ഉള്ളിൽ വറ്റാത്ത കടലാഴങ്ങളൊളിപ്പിച്ചവൾക്ക്
താരതമ്യങ്ങളില്ലാതാവുന്നിടത്ത്
പ്രണയം ഉപാധികളഴിച്ചു വെയ്ക്കുന്നു ....


കരിമുകിൽ മുടിയഴിച്ചിട്ട പെണ്ണ്
തുളസിക്കതിരുലഞ്ഞ സ്ത്രൈണതയല്ല
കരിമ്പനയ്ക്കു മുകളിലെ
പാലപ്പൂ മണമുള്ള യക്ഷികൾ

 പ്രണയമവളിൽ
നമ്രശിരസ്കയായി
കാൽനഖച്ചിത്രം കോറില്ല
നോട്ടങ്ങളിലവൾ
 ശ്വാസവേഗങ്ങളെ പിടിച്ചുകെട്ടും

അന്തിത്തിരിയണയവേ ഉടൽമണമൊളിപ്പിക്കുംപാതിയല്ലവൾ
ഉന്മാദത്തിന്റെ മാദകഗന്ധമായ്
അവളങ്ങനെ ഒഴുകി നടക്കും .

ഉടലിന്റെ ഉപ്പു നോക്കാനായുന്നവനിൽ
ഇരയുടെ ദൈന്യതയിൽ
തല കുനിച്ചിരിക്കില്ലവൾ

ദംഷ്ട്രകളിൽ ഒടുക്കത്തെ നിണവും മോന്തിക്കുടിച്ച്
അവളങ്ങനെ ഞെളിഞ്ഞു നിൽക്കും

പൗരോഹിത്യങ്ങളുടെ ആണികൾ വലിച്ചൂരി
അവളങ്ങനെ അട്ടഹസിച്ചു കൊണ്ടേയിരിക്കും

അസമയമാണ് പുറത്തിങ്ങരുത്
എന്ന ജല്പനങ്ങൾക്കു മേൽ
അവളിപ്പോഴും അലസമായ പരിഹാസച്ചിരി ചിരിക്കും ,

ചങ്ങലത്തഴമ്പിൽ നിന്നും
സ്വതന്ത്ര സഞ്ചാരങ്ങളുടെ
ദൂരത്തെ നോക്കിയവർ
യക്ഷിയെന്ന് വിളിക്കും

അപ്പൊഴും പിഴുതെറിപ്പെടാൻ
ആണികൾ ആക്രോശിച്ചു കൊണ്ടേയിരിക്കും ......


കുരങ്ങനിരുകാലിൽ നിവർന്നു നിന്നു
അർഹതയുള്ളവയുടെ
 അതിജീവിക്കലെന്ന്
 പറഞ്ഞുവെച്ചു ഡാർവിൻ

അതിജീവനം കല്ലുകൾ കൂട്ടിത്തിരുമി
കനലും പന്തവുമായി,
ബീഡിത്തെറുപ്പിൻ തലപ്പുകളിൽ
ഇസങ്ങൾ പുകഞ്ഞു

ചക്രം കല്ലിലുമിരുമ്പിലും
കടന്ന് ആർഷ ഭാരതത്തിൻ
വക്കോളമെത്തി

തൊലിനിറങ്ങളെ
സാമുദ്രിക ലക്ഷണം നോക്കി
കുലങ്ങൾ പങ്കുവെച്ചു

ജാതി വെറിയുടെ
പപ്പടങ്ങളെ
ഞെരിച്ചു പൊടിച്ചു
നാരായണൻ

 വില്ലുവണ്ടി പാഞ്ഞ
വഴിയോരങ്ങളിൽ 
മലയാണ്മ
തോളോടു തോൾചേർന്നു

ഇന്നിവിടെ തിളച്ചുമറിയുന്ന
ചാതുർവർണ്യത്തിൽ
പൊടിയാത്ത പപ്പടങ്ങൾ
വറുത്തു കോരുന്നു .......


ഇനി മടങ്ങട്ടെ ഞാൻ
അവളിൽ മിഴികൾ നട്ടിടങ്ങളിൽ നിന്നും

പറയാതെ വിങ്ങിയ വാക്കുകൾ പൂത്തുലഞ്ഞ
മലർവാകച്ചോട്ടിൽ നിന്നും

അവൾക്കൊപ്പം നടന്നു മതിവരാത്ത
ഇടനാഴികളിൽ നിന്നും

അവൾക്കായി വായിച്ചു തീർത്ത
പുസ്തകങ്ങളിൽ നിന്നും

അവളെന്ന അക്ഷരങ്ങളടുക്കിയ
കവിതകളിൽ നിന്നും

വിശപ്പ് പങ്കിട്ടെടുത്ത
പൊതിച്ചോറുകളിൽ നിന്നും

 ആഴങ്ങൾ പരതുവാനാവാത്ത
അവളുടെ  കണ്ണുകളിൽ നിന്നും

ശ്വാസങ്ങൾ കിതയ്ക്കാൻ മറക്കുന്ന
വാചാലതയിൽ നിന്നും

കാടു പൂക്കുന്ന പുലരിയിലേക്ക്
ഇടവഴി ദൂരങ്ങൾ നടന്നു കേറുമ്പോൾ

ചെങ്കൊടി പാറിയ വാകയുടെ ചുവപ്പാണ്
പറയാതെ ബാക്കി വച്ച പ്രണയത്തിന്റെ നിറം


മരണം
വയോവൃദ്ധരുടെ
നെഞ്ചു തുളച്ച
വെടിയുണ്ടകളായിരുന്നില്ല

അത് ഭയപ്പെടുത്തലായിരുന്നു
നിശബ്ദമാക്കലായിരുന്നു
കുഴിച്ചുമൂടലുകളായിരുന്നു

മരണത്തിനപ്പുറം
തിരിച്ചറിവുകൾക്കൊരു
പിറവിയുണ്ട്

മൂടിവച്ചയിടങ്ങളിലവ
തഴച്ചു വളരും

നിശബ്ദതയിൽ നിന്ന്
മഹാ വിസ്ഫോടനങ്ങളാവും

ഭയം കണ്ണുകൾക്കു മുന്നിൽ
നിന്നോടിയൊളിക്കും

ആക്രോശങ്ങളെ
ചരിത്രം ചവറ്റുകുട്ടകളിലേക്കെറിയും

തോൽവിയുടെ പരിഭ്രാന്തി മറയ്ക്കുവാൻ
കൊന്നു തള്ളിയവർക്കു മേൽ
 വീണ്ടുമവർ നിറയൊഴിക്കും

 പ്രതിരോധം
നിശബ്ദതയുടെ ഒളിയിടങ്ങളിലല്ല
മാനവികതയുടെ മഹാ ശബ്ദങ്ങളിലാണ് .....
പെണ്ണുടലിൽ കാമത്തിന്റെ ഉപ്പു നോക്കുന്നവർ
തെരുവുനായയുടെ മെയ് വഴക്കത്തിൽ
പേയുടെ അവസാന നുരയുമൊലിപ്പിച്ച്
അടുത്ത ഇരയെ പരതുമ്പോഴും

പേവിഷം വീണ മുറിവിൽ
മരുന്നിറ്റിക്കും മുന്നേ
ദൈന്യതയുടെ നീരൊലിച്ച
കണ്ണു തെളിയും മുന്നേ

കുപ്പായത്തുന്നലിന്റെ
 അളവും വടിവും നോക്കി
ആശങ്കപ്പെടുന്നവർ

അസമയങ്ങളിലെ അവളുടെ
കാൽപാടുകളുടെ അളവെടുക്കുന്നവർ

ആൺ സൗഹൃദങ്ങളോന്നിച്ച
കളി ചിരികൾ
കപട സദാചാരത്തിന്റെ
കണ്ണടയാൽ കാണുന്നവർ

അവളുടെ ഒറ്റയാൾ യാത്രകളിലെ
കാടും കടലും പുഴയുമെല്ലാം
ഒരു കറപിടിച്ച ലോജ്ഡ് മുറിയുടെ
ഭാവനയിൽ കുരുക്കുന്നവർ

അവളുടെ ചോദ്യങ്ങളിലെ
ധിക്കാരിയുടെ പെണ്ണാഴങ്ങൾ
അസ്വസ്ഥമായി അളക്കുന്നവർ

അവളെ പഴിക്കാൻ മാത്രം
 പൈങ്കിളിവാദങ്ങൾ എണ്ണിപ്പെറുക്കുന്നവർ

ശവത്തിനു ചുറ്റും മണം പിടിച്ച്
വാക്കാൽ ചൊറിഞ്ഞു മടുത്ത്
നമ്മുക്കിടയിലുമവർ പരതുന്നുണ്ട് .

അവരെ തിരിച്ചറിയാനെളുപ്പമാണ്
നിലപാടു പറയുന്ന പെണ്ണിനെ
വേശ്യയെന്ന് ആദ്യം വിളിക്കുന്നത് അവരായിരിക്കും


പ്രണയത്തിന്റെ
 കൗതുകങ്ങളിലവൾ
കടലാഴങ്ങളെ
തോൽപിച്ചിട്ടുണ്ട്

അന്നവൾ
കാലടയാളങ്ങളെ
തിരകളാൽ കവർന്ന
ഉത്തരം കിട്ടാത്ത
 കടംകഥയായിരുന്നു

പിന്നെയവൾ
 എന്റെ ബാല്യത്തിന്
ഞാന്നു കിടക്കാൻ പോന്ന
ചില്ലകളുടെ പുളിയൻ മാവായി

എന്റെ യൗവ്വനം
കുടിച്ചു മതി തീരാത്ത
ഏറ്റവും പഴയ വീഞ്ഞായി

ആത്മസംഘർഷങ്ങളുടെ
പിടിവലികളിലവൾ
പുകഞ്ഞു തീർന്ന സിഗാറുകളായി

വിഷാദം പതഞ്ഞു പൊന്തുന്ന
ഏകാന്ത രാവുകളിൽ
നെരുദയുടെ കവിതയായി

കാലിടറി അവളിലേക്ക്
വീഴുമ്പോഴെല്ലാം
അമ്മയുടെ മാറിലെ
പാൽമണമായിരുന്നു അവൾക്ക്

ഇനിയും മറിച്ചു നോക്കാത്ത
അവളെന്ന പുസ്തകത്താളിൽ
എന്റെ ചോദ്യങ്ങളുടെ
ഉത്തരങ്ങളായിരുന്നു

പെണ്ണാഴങ്ങൾ അളക്കരുത്
ചില്ലു പാത്രത്തിൽ പകർന്ന
കടൽവെള്ളം പോലെ
അവൾ തിരകളെ
ഒളിപ്പിച്ചു കൊണ്ടേയിരിക്കും .........


Frames

പറക്കുവാൻ ചിറകു മുളയ്ക്കുമ്പോൾ
എന്റെ ആകാശങ്ങൾ
ഒരു വൃത്തത്തിനുള്ളിലായിരുന്നു

അതിന്റെ ചാപങ്ങളുടെ ഘർഷണത്തിൽ
എന്റെ ചിറകെത്ര ഉരസി മുറിഞ്ഞിട്ടുണ്ട്

വൃത്തത്തിനുള്ളിൽ മാത്രം കീ തിരിച്ചാൽ
നൃത്തം ചെയ്യുന്ന സുന്ദരിപ്പാവകൾ

അരികുകൾ ഭേദിക്കാതെ
അവയെല്ലാം ഒരേ പോലെ ചലിക്കുന്നു

അദൃശ്യമായ ഞാണുകളേന്തിയ പൊതുബോധം
 അവരുടെ അടക്കത്തെ വാഴ്ത്തി

വിലക്കിന്റെ അതിർത്തികൾക്കുള്ളിൽ മാത്രം
കിട്ടുന്ന കരഘോഷങ്ങളെ വിട്ട്

സ്വത്വബോധത്തിന്റെ ചിറകിൽ നിണമിറ്റും
ഞാനാ ചാപങ്ങളോട് കലഹം തുടരുന്നു ......


Freedom of choice

സാരി ഉടുക്കുമ്പോൾ മാത്രമാണ് എനിക്ക് അംഗീകാരവും ബഹുമാനവും കിട്ടുക എന്ന് ഒരു അദ്ധ്യാപിക ഒരു ചർച്ചയിൽ പറയുന്നത് കേട്ടു , എന്തുകൊണ്ടാണ് വസ്ത്രം നമ്മുടെ പൊതുബോധത്തിൽ ഇത്ര അബദ്ധ ധാരണകൾ ഉണ്ടാക്കുന്നത് കാരണം ഒന്നേയുള്ളൂ ,ശരീരത്തിനൊരു രാഷ്ട്രീയമുണ്ട് .

വസ്ത്രം നമുക്ക് അനുയോജ്യമോ അല്ലയോ എന്നത് നമ്മുടെ മാത്രം തിരഞ്ഞെടുപ്പാണ് , ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്നു എന്നതിനാൽ മാത്രം തെരഞ്ഞെടുപ്പുകൾ * conditions apply ആവാറാണ് പതിവ് . അതിപ്പോൾ അന്യന്റെ സ്വകാര്യതകളിലേക്കുള്ള അനാവശ്യ ഇടപെടലിൽ എത്തി നിൽക്കുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ അദ്ധ്യാപകരൊന്നും സാരി നിറയെ പിന്നുകൾ വാരി മറച്ചിരുന്നതായി ഓർക്കുന്നില്ല , സാരിക്കിടയിലൂടെ വയറു കാണുന്നത് അത്ര വലിയ സംഭവമായിരുന്നില്ല , എന്റെ അമ്മക്കും അതേ വയറുണ്ട് . സ്ത്രീകളുടെ വയറു കണ്ടാൽ ഉടൻ ഒലിച്ചു പോവുന്നതല്ല ഒരുവന്റെ സാംസ്കാരിക ബോധം .

ഇന്ന് സ്കൂളുകളിൽ സാരിക്കു മുകളിൽ ജാക്കറ്റുകളാണ് യുണിഫോമിൽ , അദ്ധ്യാപകരുടെ വയറു കാണുന്നത് വലിയ പാപമാണെന്ന് , നിങ്ങൾ ആരെയാണ് ഭയക്കുന്നത് മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെയോ , അപക്വമായ അവരുടെ പ്രായത്തെ ഇതേ വറയല്ലേ നിങ്ങളുടെ അമ്മമാർക്കും എന്ന് പറഞ്ഞു കൊടുക്കുന്നതിന് പകരം , പൊതിഞ്ഞു കെട്ടി വെക്കേണ്ട ബോംബാണ് സ്ത്രീ ശരീരം എന്ന അബദ്ധ ധാരണ നൽകുന്നു .അതവരിൽ ക്യൂരിയോസിറ്റി ഉണ്ടാക്കാനേ ഉപകരിക്കു .

സാരിയുടുത്താലേ വീട്ടമ്മയാവു , നേര്യത് ചുറ്റിയാലേ അമ്മുമ്മയാവു എന്നില്ല , വിലയിരുത്തപ്പെടുന്നത് നിങ്ങളുടെ വ്യക്തിത്വമാണ് . പത്തു പേർ നിങ്ങളെ കാണുന്നത് പത്ത് തരത്തിലാണ് ആ പത്തുപേരെയും നിങ്ങളെന്താണ് ബോദ്ധ്യപ്പെടുത്താൻ നിങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല . നിങ്ങൾ എന്താണോ അതായിരിക്കുക ലോകം നിങ്ങളെ തിരിച്ചറിയുക തന്നെ ചെയ്യും .

നിങ്ങളുടെ മുൻ വിധികളിൽ നിന്നാണ് നിങ്ങൾ സ്വതന്ത്രമാക്കപ്പെടേണ്ടത്  , ജനാധിപത്യം ബഹുസ്വരതയിലൂന്നിയതാണ് .....