Thursday 14 February 2019

മത വിശ്വാസങ്ങൾ ആദ്യം റദ്ദ്‌ ചെയ്യുന്നത് യുക്തിയെ തന്നെയാണ് . ദൈവം  കളിമണ്ണ് കുഴച്ച് മനുഷ്യനെ സുഷ്ടിച്ചെന്നും ,ആണിന്റെ വാരിയെല്ലിൽ നിന്നും പെണ്ണിനെ ഉണ്ടാക്കി എന്നതും വിശ്വാസങ്ങളാണ് , അത്തരം കാര്യങ്ങൾ കേട്ടു വളർന്ന നാം തന്നെയാണ് , ഡാർവിന്റെ പരിണാമ സിദ്ധാന്തവും , പും ബീജവും അണ്ഡവും ചേർന്ന് ഭ്രൂണമാവുന്നു വെന്നും ഭ്രൂണമാകാതെ പുറത്തേക്ക് പോവുന്ന ശരീരത്തിന്റെ വെറുമൊരു പ്രക്രിയയാണ് മെൻസ്ട്രൽ സൈക്കിൾ അഥവാ ആർത്തവം എന്നുമൊക്കെ പഠിക്കുന്നത് .ഇതിൽ യുക്തി ഏതെന്ന് നമുക്ക് വ്യക്തമായി അറിയാം , അത് കൊണ്ടാണ് പെട്രോൾ തീർന്നാൽ പമ്പിലേക്കും അസുഖം വന്നാൽ ആശുപത്രിയിലേക്കും നാം പോവുന്നത് അവിടെ ആരാധാനാലയങ്ങളിലേക്ക് പോവാത്തത് നമ്മുടെ യുക്തിയാണ് .ഈ ശാസ്ത്രം നൽകുന്ന  യുക്തിയും, വിശ്വാസങ്ങളും വൈപരീത്യങ്ങളാണ് . പൗരോഹിത്യം വലിയ സ്വാധീനം ചെലുത്തുന്ന സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് പുറത്തു ചാടുക അത്ര എളുപ്പമല്ല , അതു കൊണ്ടു തന്നെയാണ് വിദ്യാസമ്പന്നരായ ബൗദ്ധിക നിലവാരമുള്ള നമ്മുടെ നാട്ടിൽ പോലും ദിനം പ്രതി അന്ധവിശ്വാസങ്ങളും ആൾദൈവങ്ങളുമുൾപ്പെടെ പടർന്ന് പന്തലിക്കുന്നതും , അനേക കോടി മനുഷ്യരുണ്ടായിട്ടും നൂറ്റാണ്ടുകളിലൊരിക്കൽ മാത്രം ഇസങ്ങൾ സൃഷ്ടിക്കപ്പെടുന്നതും .

വിദ്യാഭ്യാസം അക്കാദമിക്ക് തലങ്ങളിലെ ചവച്ചു തുപ്പലല്ല ,അത് യുക്തിപൂർവ്വമായ  അന്വേഷണമാണ് , മുൻവിധികളും അസഹിഷ്ണുതകളുമില്ലാതെ . വായന സ്വതന്ത്രമാക്കുന്നത് നമ്മെത്തന്നെയാണ് , അറിവ് നിങ്ങളെ തളച്ചിടുന്നുവെങ്കിൽ അത് അറിവല്ല , അറിവിന്റെ പരിമിതിയാണ് , കാഴ്ചകളും കാഴ്ചപ്പാടുകളും ലോകത്തേക്കാൾ വിശാലമാവട്ടെ ......

No comments:

Post a Comment