Thursday 14 February 2019

വരരുചിപ്പഴമയിൽ പറയാതെ പോയൊരു പേരുണ്ട് ,
പെറ്റു കൂട്ടിയ പ്രാണന്റെ തുണ്ടുകൾ
ചങ്കു നീറി വഴിയിൽ കളഞ്ഞവൾ ,

ചാത്തനും ,പാണനും ,പാക്കനാരും
ഉപ്പുകുറ്റനും, രജകനും, വള്ളുവനും
തച്ചനും , നായരും ,കാരക്കലമ്മയും,
അഗ്നിഹോത്രിയും , വായില്ലാക്കുന്നിലപ്പനും
ഭ്രാന്തന്റെ കൂടെപ്പിറന്നോർ .

കുലപ്പെരുമകളുടെ മേനി പറച്ചിലിൽ,
തീണ്ടാപ്പാടകലങ്ങളിൽ മാറി നിന്നു -
അവരുടെ സന്തതിപരമ്പരകൾ .

ഒരേ ബീജത്തിൽ നിന്നുയിർകൊണ്ടവർ ,
ഒരേ മുലപ്പാൽ വലിച്ചു കുടിച്ചവർ,
അവരെങ്ങനെ പലതായി ?

അഴിക്കാനാവാത്ത സമസ്യയായി  ,
ചോദ്യങ്ങൾ കുരുങ്ങുമ്പോൾ
വേരിലേക്ക് മടങ്ങുക,
 ഉത്തരം അവിടെയാണ് .

അവിടെ ഗർഭപാത്രം പേറിയവൾക്ക്
വിളിപ്പേരില്ല ,അവളിപ്പൊഴും
പന്തിരുകുലം പെറ്റ പറയിയാണ് ......

No comments:

Post a Comment