Thursday 14 February 2019

കരിമുകിൽ മുടിയഴിച്ചിട്ട പെണ്ണ്
തുളസിക്കതിരുലഞ്ഞ സ്ത്രൈണതയല്ല
കരിമ്പനയ്ക്കു മുകളിലെ
പാലപ്പൂ മണമുള്ള യക്ഷികൾ

 പ്രണയമവളിൽ
നമ്രശിരസ്കയായി
കാൽനഖച്ചിത്രം കോറില്ല
നോട്ടങ്ങളിലവൾ
 ശ്വാസവേഗങ്ങളെ പിടിച്ചുകെട്ടും

അന്തിത്തിരിയണയവേ ഉടൽമണമൊളിപ്പിക്കുംപാതിയല്ലവൾ
ഉന്മാദത്തിന്റെ മാദകഗന്ധമായ്
അവളങ്ങനെ ഒഴുകി നടക്കും .

ഉടലിന്റെ ഉപ്പു നോക്കാനായുന്നവനിൽ
ഇരയുടെ ദൈന്യതയിൽ
തല കുനിച്ചിരിക്കില്ലവൾ

ദംഷ്ട്രകളിൽ ഒടുക്കത്തെ നിണവും മോന്തിക്കുടിച്ച്
അവളങ്ങനെ ഞെളിഞ്ഞു നിൽക്കും

പൗരോഹിത്യങ്ങളുടെ ആണികൾ വലിച്ചൂരി
അവളങ്ങനെ അട്ടഹസിച്ചു കൊണ്ടേയിരിക്കും

അസമയമാണ് പുറത്തിങ്ങരുത്
എന്ന ജല്പനങ്ങൾക്കു മേൽ
അവളിപ്പോഴും അലസമായ പരിഹാസച്ചിരി ചിരിക്കും ,

ചങ്ങലത്തഴമ്പിൽ നിന്നും
സ്വതന്ത്ര സഞ്ചാരങ്ങളുടെ
ദൂരത്തെ നോക്കിയവർ
യക്ഷിയെന്ന് വിളിക്കും

അപ്പൊഴും പിഴുതെറിപ്പെടാൻ
ആണികൾ ആക്രോശിച്ചു കൊണ്ടേയിരിക്കും ......


No comments:

Post a Comment