Thursday 14 February 2019

പ്രോമിത്യൂസിനൊരു ഹൃദയമുണ്ടായിരുന്നു ,
രാത്രിയിലത് കഴുകൻ കൊത്തി വലിച്ചു ,
പുലർച്ചെ മുറിവുകൂടി കിളിർത്ത് വന്നു.

ഹൃദയമുള്ളതുകൊണ്ടവൻ മോഷ്ടാവായി ,
മോഷ്ടിച്ച അഗ്നി മനുഷ്യനേകി ......

അവനറിയാമായിരുന്നു, തണുത്തുറഞ്ഞവനെ -
അത് ജ്വലപ്പിക്കുമെന്ന് .

അഹംബോധങ്ങളെ
ചുട്ടു ചാമ്പലാക്കുമെന്ന് .

ആയുധങ്ങൾ  ജനിക്കുമെന്ന് ,
അതവന് പ്രതിരോധമാകുമെന്ന് .

അന്ധതകളിൽ പടർന്നിറങ്ങി -
അറിവിന്റെ വെളിച്ചമാകുമെന്ന് ,

പുകയുന്ന ചുരുളിൻ തെറുപ്പുകളിൽ -
ഇസങ്ങൾ ജനിക്കുമെന്ന് .

അല്ലെങ്കിൽ മഞ്ഞുമലകളിൽ ,ഉയിരറ്റ -
ചീയാത്ത ശവങ്ങളാകുമായിരുന്നു നാം .

കോപമടങ്ങാതെ ദേവന്മാർ
കഴുകന്മാരെ വിട്ട് ,
മാനവികതയുടെ ഹൃദയം കൊത്തിപ്പറിച്ചു ,

നാഡികൾ ചൂടും വെളിച്ചവുമറിഞ്ഞ മനുഷ്യൻ -
ഇനി ഞങ്ങളോട് യാചിക്കില്ല ......

അപ്പോഴും കഴുകന് കൊത്തിപ്പറിക്കാനാവാതെ
ആ ഹൃദയം വളർന്നു കൊണ്ടേയിരുന്നു ......

No comments:

Post a Comment