Sunday 24 February 2019

ഒരു ജെസിബിയുടെ
യന്ത്രക്കൈകൾ
മൃതപ്രായമായ ഒരു
 ചാക്കാലപ്പറമ്പിലൂടെ

ദുർഗന്ധം കുമിഞ്ഞ
 ചേരിപ്പറമ്പിന്റെ
ചങ്കുഴുത് വിലയിട്ട്
സിമന്റ് കാടുകൾ
 കാത്തിരിക്കുന്നു

തൊലിക്കറുപ്പിന്റെ
മൃതജൈവ കോശങ്ങളിൽ
ഹൃദയമിപ്പോഴും
നിലവിളിക്കുന്നു

അപ്പന്റെ പേരു ചികയാൻ
ജീനുകളെ പഴിപറഞ്ഞ
ജാതി വെറിയുടെ
കോയ്മകളോട്

ചെറ്റയും പുലയാട്ടും
 പുലഭ്യമാവുമ്പോൾ
അതിൽ ഞങ്ങൾ
ഞങ്ങളെ തിരയുന്നു

സംസ്കാരത്തിന്റെ
നാണയക്കനങ്ങളിൽ
മാലിന്യങ്ങളെറിഞ്ഞു
തള്ളുന്ന നടുമുറ്റങ്ങൾ

അവ കണ്ടും ശ്വസിച്ചും
വളരുന്നവന്റെ
സാമൂഹിക ജനിതകത്തെപ്പറ്റി
വാചാലരാവുന്നവരോടും
ഞങ്ങളന്നും കയർത്തിട്ടുണ്ട്

ഞങ്ങൾ പോലും
 തെറിവാക്കാവുമ്പോൾ
ഞങ്ങളുടെ ശബ്ദം
അവർക്കെന്തായിരിക്കും?????

No comments:

Post a Comment