Wednesday 16 March 2016

കാഴ്ച്ചയുടെ മേച്ചിൽപുറങ്ങളിൽ

വചനങ്ങളിൽ നിന്ന് വാക്കുകൾ  അടർന്നു വീണു ,

പലയിടങ്ങളിലേയ്ക്ക്  അവ പോയി -

പച്ചയും കാവിയും വെള്ളയും

ഒക്കെയിട്ട് തിരിച്ചു വന്നു .

ഭ്രാന്തമായ അലർച്ചകളിൽ  അവ-

 പ്രഭാഷണങ്ങളേക്കാൾ കടുത്തതായി .

കാഴ്ച്ചയുടെ വ്യക്തത ചോദ്യംചെയ്യാതിരിക്കാൻ

 അവർ  ഉറഞ്ഞു തുള്ളി

തിമിരം മൂടിയ കണ്ണുകൾ തുറന്നു പിടിച്ച്

 അവൻ മുൻപേ  നടന്നു

അവന്റെ പിന്നിലുള്ളവർ പറഞ്ഞു

 ഞാൻ മാത്രമാണ് ശരി

വാക്കുകൾ പരസ്പരം ആഞ്ഞു വെട്ടി

നനവിന് ഒരേ നിറം ,നഷ്ടങ്ങൾക്ക് ഒരേ മതം .